ഐപി.എല്ലിന്റെ ആവേശം ഇന്ത്യയൊന്നാകെ അലയടിക്കുകയാണ്. പല താരങ്ങളുടെ മികച്ച പ്രകടനത്തിനും തിരിച്ചുവരവിനും ഐപി.എല്‍ 2022 സാക്ഷ്യം വഹിക്കുന്നുണ്ട്.
അത്തരത്തില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. ഐ.പി.എല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനത്തും അവരോധിക്കപ്പെട്ട താരമാണ് ഹര്‍ദിക്.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നീണ്ടകാലം ടീമിന് പുറത്തിരിക്കേണ്ടി വരികയും എന്നാല്‍ ടീമിലെത്തിയപ്പോഴെല്ലാം തന്നെ പന്തെറിയാനുള്ള അവസരവും താരത്തിന് നിഷേധിക്കുകയായിരുന്നു. ടി-20 സ്‌പെഷ്യലിസ്റ്റായിട്ടു കൂടിയും താരത്തെ ടി-20 ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഠിനപ്രയത്‌നത്താല്‍ ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്തുകയും ഒരേസമയം ബാറ്റുകൊണ്ടും പന്തുകൊണ്ടും മാന്ത്രിക പ്രകടനകള്‍ നടത്തിയുമാണ് ഹര്‍ദിക് കളം നിറഞ്ഞാടുന്നത്.
കാലങ്ങളായി തന്നെ അലട്ടിയിരുന്ന, ബൗളിംഗില്‍ നിന്നും വിലക്കാന്‍ കാരണമായ പുറം വേദനയുടെ ലാഞ്ഛന പോലുമില്ലാതെയാണ് താരം ഗുജറാത്തിന് വേണ്ടി പന്തെറിയുന്നതും മുന്നില്‍ നിന്ന് നയിക്കുന്നതും.
ടീമിനായി മികച്ച പ്രകടനം പുറത്തടുക്കുന്ന വേളയില്‍ ഹര്‍ദിക്കിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബി.സി.സി.ഐയുടെ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ എം.എസ്.കെ പ്രസാദ്.
താരത്തിന്റെ തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ടെന്നും കപിലിന് ശേഷം ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോവുന്ന ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് ഹര്‍ദിക്കെന്നും അദ്ദേഹം പറഞ്ഞു.
‘അവനെന്ത് ചെയ്യുമ്പോളും എനിക്ക് ഏറെ അഭിമാനം തോന്നുന്നു. എന്റെ സ്വന്തം മക്കള്‍ പെര്‍ഫോം ചെയ്യുന്നത് പോലെയാണ് അവന്റെ ഓരോ മത്സരം കാണുമ്പോഴും എനിക്ക് തോന്നുന്നത്.
കപില്‍ ദേവിന് ശേഷം ഒരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഹര്‍ദിക്കിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അവന്റെ ബേസിക്‌സ് വളരെ സ്‌ട്രോംഗാണ്. എനിക്കുറപ്പാണ് അവന്‍ മികച്ച ഓള്‍റൗണ്ടറായി മാറും,’ പ്രസാദ് പറയുന്നു.