ട്രെയ്‌നിങ് സെഷനില്‍ അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്ലബ്ബ് സ്വീകരിച്ച നടപടികളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബാഴ്‌സലോണ താരവും ഫ്രഞ്ച് ഇന്റര്‍നാഷണലുമായ ജീന്‍ ക്ലയര്‍ ടോഡിബോ.
ബാഴ്‌സലോണയില്‍ മെസിക്കൊപ്പം രണ്ട് വര്‍ഷം ചെലവഴിച്ച താരമാണ് ടോഡിബോ. താന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ട്രെയ്‌നിങ് സെഷനിടെ മെസിയെ തൊടാന്‍ പോലും അനവാദമുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കുമെന്നും എന്നാല്‍ അതായിരുന്നു സത്യമെന്നും ടോഡിബോ പറഞ്ഞു.
ടോക് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നിലവില്‍ ലീഗ് വണ്ണില്‍ നീസിന്റെ താരമായ ടോഡിബോ ഇക്കാര്യം പറയുന്നക്.
‘ബാഴ്‌സലോണയില്‍ കളിക്കവെ ട്രെയ്‌നിങ്ങിനിടെ മെസിയെ തൊടാന്‍ പോലുമുള്ള അനുവാദം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ചിലപ്പോള്‍ ഇത് അതിവിചിത്രമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അത് സത്യമാണ്.
ട്രെയ്‌നിങ്ങിനിടെ ഞങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇത് സാധാരണമാണ്. അദ്ദേഹം ഗോട്ടാണ്. നമ്മള്‍ കാരണം അദ്ദേഹത്തിന് ഒരു പരിക്കും പറ്റാന്‍ പാടില്ല,’ ടോഡിബോ പറഞ്ഞു.
ബാഴ്‌സലോണ കാണിച്ച ഈ സൂക്ഷ്മതയും ജാഗ്രതയുമാണ് മെസിയെ മെസിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ബാഴ്‌സക്കൊപ്പം നീണ്ട 15 വര്‍ഷം കളിച്ച മെസി പത്ത് ലാ ലീഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍ ലീഗ് കിരീടവും ബ്ലൂഗ്രാനക്ക് നേടിക്കൊടുത്തിരുന്നു. ഇക്കാലയളവില്‍ ഒന്നിന് പിന്നാലെ ഒന്നായി ബാലണ്‍ ഡി ഓര്‍ കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു.
ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലെത്തിയ മെസി അവിടെയും ടീമിനൊപ്പം ട്രോഫികള്‍ സ്വന്തമാക്കി.
നിലവില്‍ പന്ത് തട്ടുന്ന ഇന്റര്‍ മയാമിക്കും ഒരു ട്രോഫി നേടാനായി മെസി ടീമിലെത്തേണ്ട അവസ്ഥ പോലും ഉണ്ടായിരുന്നു. 14 മത്സരത്തില്‍ നിന്നും 11 ഗോള്‍ നേടിയാണ് മെസി ഹെറോണ്‍സിന്റെ ചാലക ശക്തിയാകുന്നത്.
Content highlight: Former Barcelona star Jean-Clair Todibo says they were not allowed to touch Messi during training