| Tuesday, 2nd May 2023, 2:51 pm

മെസി ബാഴ്‌സലോണയിലേക്ക് വരില്ല, ഇതവരുടെ കളിയാണ്: മുന്‍ ബാഴ്‌സലോണ ഉദ്യോഗസ്ഥന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ താരം ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

എന്നാല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ബാഴ്‌സലോണ ഉദ്യോഗസ്ഥന്‍ ജോമി ലോപിസ്. തങ്ങളുടെ ടിക്കറ്റുകള്‍ വന്‍ വിലക്ക് എളുപ്പം വിറ്റുതീര്‍ക്കാനുള്ള ബാഴ്‌സയുടെ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയോടാണ് ലോപിസ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

‘മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരില്ല. ഇത് ക്ലബ്ബിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ചെയ്യുന്ന പുകമറയാണ്,’ ലോപിസ് പറഞ്ഞു.

2021ലാണ് മെസി ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങുന്നത്. ലാ ലിഗയുടെ വേതന നിയമങ്ങള്‍ പാലിക്കേണ്ടതിനാല്‍ ബാഴ്‌സലോണക്ക് താരത്തിന്റെ കരാര്‍ പുതുക്കാനായില്ലെന്നും തുടര്‍ന്ന് മെസി ക്ലബ്ബിനോട് വിട പറയുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബ്ലൂഗ്രാനക്കായി കളിച്ച 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ എത്തിയതിന് ശേഷവും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. 71 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളും 34 അസിസ്റ്റുകളും താരം പാരീസിയന്‍ ജേഴ്‌സിയില്‍ നേടി.

എന്നിരുന്നാലും, മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് താരത്തിന് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ വന്നിരുന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കരിയറിന്റെ അവസാന കാലഘട്ടത്തില്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ച് അവിടെ തന്നെ വിരമിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Former Barcelona official says Messi won’t return to Barca

We use cookies to give you the best possible experience. Learn more