പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബാലണ്‍ ഡി ഓര്‍ ഡ്രസ്സിങ് റൂമില്‍ വെച്ചുണ്ടായ തര്‍ക്കത്തെ കുറിച്ചും മെസി – റൊണാള്‍ഡോ കംപാരിസണെ കുറിച്ചും ബാഴ്‌സയുടെ സൂപ്പര്‍ താരം ഡാനി ആല്‍വസ്.
പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ റയലില്‍ കളിക്കുന്ന കാലത്താണ് ഇരുവരും തമ്മില്‍ ബാലണ്‍ ഡി ഓറിനിടെ കൊരുത്തതെന്നാണ് ഡാനി ആല്‍വസ് പറയുന്നത്.
പ്യുമാസിലെ തന്റെ സഹതാരമായ എഫ്രിയോ വെലാര്‍ഡെക്കൊപ്പം ഒരു പോഡ്കാസ്റ്റിലായിരുന്നു ആല്‍വസ് ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് ക്രിസ്റ്റ്യാനോയെ ഇഷ്ടമാണ്. ഞങ്ങളിപ്പോള്‍ ബാഴ്‌സയിലോ റയലിലോ ഒന്നുമല്ല കളിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്കിത് പറയാമെന്നാണ് തോന്നുന്നത്. ഒരിക്കലും പറയാന്‍ കഴിയില്ലെന്ന് കരുതിയ കാര്യമാണിത്.
കാര്യമായ ഒരു ക്വാളിറ്റിയുമില്ലാത്ത ആളുകള്‍ക്ക് കഠിനാധ്വാനത്തിലൂടെ അത് നേടിയെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് റൊണാള്‍ഡോ. ഹാര്‍ഡ് വര്‍ക്കിലൂടെ ദി ബെസ്റ്റുമായി പോലും നമുക്ക് മുട്ടി നില്‍ക്കാം. എനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്. ഇത് അദ്ദേഹത്തോട് പറയാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
റയല്‍ – ബാഴ്‌സ റൈവല്‍റി കത്തി നിന്ന സമയമായിരുന്നു അത്. ഞാന്‍ അവനെ അഭിവാദ്യം ചെയ്യാന്‍ നടന്നു, എന്നാല്‍ അവന്‍ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല. ഒരിക്കലും പുറത്തുവരാത്ത ഒരു വിവാദ സംഭവം അങ്ങനെ അവിടെ ഉണ്ടായി, ഞാനും ക്രിസ്റ്റ്യാനോയും തമ്മില്‍ ബാലണ്‍ ഡി ഓര്‍ ഡ്രസ്സിങ് റൂമില്‍ വെച്ച് വഴക്കായി.
ഞാന്‍ അവനെ അഭിവാദ്യം ചെയ്തു, എന്നാല്‍ അവന്‍ തിരിച്ചത് ചെയ്തില്ല. അതിന് കാരണം പുറത്തുള്ള ബാഴ്‌സ – റയല്‍ റൈവല്‍റിയും,’ താരം പറയുന്നു.
മുമ്പ് ബാഴ്‌സയിലെ തന്റെ സഹതാരമായിരുന്ന ലയണല്‍ മെസിയും റൊണാള്‍ഡോയുമായുള്ള താരതമ്യത്തെ കുറിച്ചും ഡാനി ആല്‍വസ് പറയുന്നു. ക്രിസ്റ്റ്യാനോ ഹാര്‍ഡ് വര്‍ക്കിന്റെ പ്രൊഡക്ട് ആണെന്നും മെസിയുടേത് നാച്ചുറല്‍ ടാലന്റുമാണെന്നാണ് ആല്‍വസ് പറയുന്നത്.
‘ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഇരുവരും തമ്മില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ ഞാന്‍ ക്രിസ്റ്റ്യാനോക്കൊപ്പമാണ്. അതിനുള്ള കാരണം അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്കും. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് റൊണാള്‍ഡോ.
മെസി അങ്ങനെ അല്ല. അദ്ദേഹം ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവുമായി തന്നെ ജനിച്ചവനാണ്. അവന്‍ സ്വന്തം നേട്ടങ്ങളുടെ ലോകത്താണ് ജീവിക്കുന്നത്,’ ആല്‍വസ് പറയുന്നു.
Content Highlight: Former Barcelona FC star Dani Alves about his experience with Cristiano Ronaldo