| Wednesday, 31st August 2022, 3:05 pm

മെസിയുടെ നിഴലില്‍ ഒതുങ്ങിപ്പോവേണ്ടിയിരുന്നവന്‍, എന്നാല്‍ രണ്ടാളും ചേര്‍ന്ന് അത് പരിഹരിച്ചതിങ്ങനെ; മെസിയെയും നെയ്മറിനെയും കുറിച്ച് ബാഴ്‌സ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണനിരയുള്ള ടീമാണ് പാരീസ് സെന്റ് ഷെര്‍മാങ്. മെസിയും നെയ്മറും എംബാപ്പെയുമടങ്ങുന്ന ത്രയം ഏത് ടീമിന്റെയും പ്രതിരോധത്തെ തുളച്ചുകയറാന്‍ പോന്നതാണ്.

ബാഴ്‌സ വിട്ട് മെസി പി.എസ്.ജിയിലെത്തിയപ്പോള്‍ ഏറ്റവും സന്തോഷിച്ചത് നെയ്മറായിരിക്കും. കാരണം തന്റെ പഴയ ടീം മേറ്റിനൊപ്പം ഒരിക്കല്‍ക്കൂടി കളിക്കാനാവുന്നതിന്റെ ആവേശമായിരുന്നു നെയ്മറിന്.

നേരത്തെ ബാഴ്‌സയിലായിരുന്നപ്പോള്‍ ഇരുവര്‍ക്കുമൊപ്പം സുവാരസ് കൂടി ചേരുന്നതായിരുന്നു ദി അള്‍ട്ടിമേറ്റ് ട്രയോസ് ഓഫ് അറ്റാക്കിങ് ഫുട്‌ബോള്‍. ബാഴ്‌സയുടെ എം.എസ്.എന്നിനോട് മുട്ടി നില്‍ക്കാന്‍ ഒരു ടീമിന്റെയും പ്രതിരോധത്തിനായിട്ടില്ലായിരുന്നു.

മെസി സൂര്യനായി ഉദിച്ചു നില്‍ക്കുമ്പോഴായിരുന്നു ബ്രസീന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബാഴ്‌സയിലെത്തുന്നത്. മറ്റൊരു താരത്തിനും മെസിയോളം വളരാനോ മറികടക്കാനോ സാധ്യമല്ലാത്ത ഉയരത്തിലായിരുന്നു അന്ന് മെസി.

2013ലായിരുന്നു നെയ്മര്‍ ബാഴ്‌സയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ ടീം വിടുന്നത് വരെ മെസിയും നെയ്മറും ഒന്നിച്ച് ടീമിനെ മുന്നോട്ട് നയിച്ചു. നാല് സീസണില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും ബാഴ്‌സയില്‍ തുടര്‍ന്ന ഇവര്‍ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും ലാ ലീഗ കിരീടങ്ങളുമടക്കം നിരവധി നേട്ടങ്ങള്‍ കറ്റാലന്‍മാര്‍ക്ക് നേടിക്കൊടുത്തു.

മെസിയുടെ നിഴലില്‍ ഒതുങ്ങിപ്പോവുമായിരുന്ന നെയ്മര്‍ എങ്ങനെയാണ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മെസിയോളം വളര്‍ന്നതെന്നും അവരുടെ പരസ്പര ഐക്യത്തെയും കുറിച്ച് പറയുകയാണ് എഫ്.സി ബാഴ്‌സലോണയുടെ മുന്‍ കോച്ച് യുവാന്‍ കാര്‍ലോസ് അണ്‍സ്യൂ.

‘തീര്‍ച്ചയായും മെസിയുടെ നിഴലിലാവുന്നത് വളരെ പ്രയാസകരമായ കാര്യം തന്നെയായിരുന്നു. എന്നാല്‍ ലിയോ ഒന്നാം സ്ഥാനത്താണെന്ന് അംഗീകരിക്കുകയും നെയ്മര്‍ അതിനോട് പൊരുത്തപ്പെട്ടു എന്നുമാണ് ഞാന്‍ കരുതുന്നത്.

ഒരുമിച്ചുനിന്നാല്‍ എന്തും ജയിക്കാം എന്ന തിരിച്ചറിവായിരുന്നു നെയ്മറിന്റെയും ബാഴ്‌സയുടെയും വിജയം. അങ്ങനെയാണ് ഞങ്ങള്‍ എല്ലാം നേടിയത്,’ അദ്ദേഹം പറയുന്നു.

സ്വന്തം ഈഗോയേക്കാള്‍ ടീമിന്റെ ഗുണം മാത്രമാണ് നെയ്മര്‍ ലക്ഷ്യമിട്ടതെന്നും അതുതന്നെയാണ് പി.എസ്.ജിയിലും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എസ്.ജിയിലേക്ക് ചേക്കേറും മുമ്പ് മെസിയും നെയ്മറും ബാഴ്‌സക്കായി 161 മത്സരങ്ങളില്‍ കളത്തിലറങ്ങിയിരുന്നു. 56 ജോയിന്റ് ഗോളാണ് ഇരുവരും ചേര്‍ന്ന് ബാഴ്‌സക്കായി നേടിയത്.

ബാഴ്‌സയില്‍ പുറത്തെടുത്ത അതേ ഐക്യമാണ് പി.എസ്.ജിയിലും ഇവര്‍ കാഴ്ചവെക്കുന്നത്. ഈ സീസണിലെ ലീഗ് വണ്‍ മത്സരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഈ ഡുവോ എത്രത്തോളം അപകടകാരികളാണെന്നും, എതിര്‍ ഗോള്‍മുഖങ്ങളിലേക്ക് അനായാസം ആക്രമണമഴിച്ചിവിടാന്‍ പോന്നതാണെന്നും മനസിലാവും.

ഇരുവര്‍ക്കുമൊപ്പം ഫ്രാന്‍സിന്റെ ഗോളടിയന്ത്രം എംബാപ്പെ കൂടി ചേരുന്നതോടെ പി.എസ്.ജിയുടെ മുന്നേറ്റനിരയെ പിടിച്ചുകെട്ടല്‍ പ്രയാസകരമാവും. ടീം ഇപ്പോള്‍ പുറത്തെടുക്കുന്ന ഫോം സീസണില്‍ ഉടനീളം ഇവര്‍ പുറത്തെടുക്കുമെന്നും പി.എസ്.ജി തന്നെ ചാമ്പ്യന്‍മാരുമെന്നുമാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

Content Highlight: Former Barcelona coach about Messi and Neymar

We use cookies to give you the best possible experience. Learn more