യു.എസ് കമ്പനികളുപയോഗിച്ച കീടനാശിനികള്‍ വന്ധ്യതക്ക് കാരണമായി; നിയമപോരാട്ടവുമായി ലാറ്റിന്‍ അമേരിക്കയിലെ വാഴ കൃഷിക്കാര്‍
World News
യു.എസ് കമ്പനികളുപയോഗിച്ച കീടനാശിനികള്‍ വന്ധ്യതക്ക് കാരണമായി; നിയമപോരാട്ടവുമായി ലാറ്റിന്‍ അമേരിക്കയിലെ വാഴ കൃഷിക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2022, 1:24 pm

ലാറ്റിന്‍ അമേരിക്കയിലെ പ്ലാന്റേഷനുകളില്‍ അമേരിക്കന്‍ കമ്പനികള്‍ ഉപയോഗിച്ച കീടനാശിനികള്‍ തങ്ങളില്‍ വന്ധ്യതക്ക് കാരണമായെന്ന് മുന്‍ വാഴകൃഷിക്കാര്‍.

ആയിരക്കണക്കിന് കൃഷിക്കാര്‍ ഇത്തരത്തില്‍ പ്രതികരിച്ചതായാണ് ബി.ബി.സി പുറത്തുവിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത്.

1970കളില്‍ ലാറ്റിനമേരിക്കയിലെ തോട്ടങ്ങളില്‍ യു.എസ് കമ്പനികള്‍ ഉപയോഗിച്ചിരുന്ന കീടനാശിനി തങ്ങളില്‍ വന്ധ്യതക്ക് കാരണമായെന്നാണ് കര്‍ഷകര്‍ പറഞ്ഞത്.

യുണൈറ്റഡ് ഫ്രൂട്ട് എന്ന യു.എസ് കമ്പനി പനാമയിലുടനീളമുള്ള തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളാണ് തങ്ങളുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിച്ചതെന്ന് 1,100ലധികം മുന്‍ വാഴ കൃഷിക്കാര്‍ പറഞ്ഞു.

Di-bromochloropropane (DBCP) എന്ന കീടനാശിനി, വാഴച്ചെടികളെ നശിപ്പിക്കുന്ന സൂക്ഷ്മ വിരകളെ കൊല്ലുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷിയെയും ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.

ആരോഗ്യപരമായ അപകടസാധ്യതകള്‍ കാരണം നേരത്തെ യു.എസില്‍ ഈ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും തോട്ടങ്ങളില്‍ ഇവയുടെ ഉപയോഗം തുടരുകയും അത് തൊഴിലാളികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് നീതിക്കുവേണ്ടി പോരാടുന്ന തൊഴിലാളികളെക്കുറിച്ചാണ് പനാമയില്‍ നിന്നും ഗ്രേസ് ലിവിംഗ്സ്റ്റണ്‍ ബി.ബി.സിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പനാമക്ക് പുറമെ, കോസ്റ്ററിക്ക, ഇക്വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നികരാഗ്വ എന്നീ രാജ്യങ്ങളിലെ മുന്‍ കര്‍ഷകരും സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ്.

DBCP വളം നിര്‍മിച്ച കമ്പനികള്‍ക്കും അവ ഉപയോഗിച്ച കമ്പനികള്‍ക്കുമെതിരെയാണ് ഇവര്‍ കേസ് കൊടുത്തിരിക്കുന്നത്. DBCP വളം ടെസ്റ്റ് ചെയ്ത മൃഗങ്ങളില്‍ നേരത്തെ വന്ധ്യത കണ്ടെത്തിയിരുന്നു എന്നതിന് തെളിവുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

Content Highlight: Former banana workers in Latin America says Pesticide used by US companies made them sterile