'അവനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത പൊള്ളാര്‍ഡ്'
IPL
'അവനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത പൊള്ളാര്‍ഡ്'
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th April 2023, 6:26 pm

 

സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ ഉഴറുകയാണ് മുംബൈ ഇന്ത്യന്‍സ്. നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് വിജയം മാത്രം സ്വന്തമാക്കി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.

സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കുയരാത്തതാണ് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാകുന്നത്. മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനെ പല തവണ കിരീടം ചൂടിച്ച കെയ്‌റോണ്‍ പൊള്ളാര്‍ഡ് പോലൊരു മാച്ച് വിന്നറിന്റെ അഭാവവും മുംബൈക്ക് തിരിച്ചടിയാകുന്നുണ്ട്.

എന്നാല്‍ പൊള്ളാര്‍ഡിനെ പോലെ ഉയര്‍ന്നുവരാന്‍ പൊട്ടെന്‍ഷ്യലുള്ള താരത്തെ കണ്ടെത്തിയിരിക്കുകയാണ് ഓസീസ് ലെജന്‍ഡ് ടോം മൂഡി. യുവതാരം ടിം ഡേവിഡിനെയാണ് അടുത്ത പൊള്ളാര്‍ഡായി മൂഡി കണ്ടെത്തിയിരിക്കുന്നത്.

 

പൊള്ളാര്‍ഡിന് പകരക്കാരനാകാന്‍ ടിം ഡേവിഡിന് സാധിക്കുമെന്നും കൂടുതല്‍ മത്സരം കളിക്കുകയാണെങ്കില്‍ അവന്‍ മെച്ചപ്പെടുമെന്നും മൂഡി പറഞ്ഞു.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് മൂഡി ഇക്കാര്യം പറഞ്ഞത്.

‘കെയ്‌റോണ്‍ പൊള്ളാര്‍ഡ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ്. എനിക്ക് തോന്നുന്നത് ടിം ഡേവിഡിന് ആ സ്‌കില്ലുകളുണ്ട്. എന്നാല്‍ അവന്‍ കരിയറിന്റെ തുടക്കത്തിലാണ്. ഡേവിഡിന് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത പൊള്ളാര്‍ഡാകാന്‍ സാധിക്കും. കൂടുതല്‍ മാച്ചുകള്‍ കഴിയും തോറും അവന്‍ തീര്‍ച്ചയായും മെച്ചപ്പെട്ടുവരും,’ മൂഡി പറഞ്ഞു.

 

2021ലാണ് ടിം ഡേവിഡ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ഒരു മത്സരം മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്.

എന്നാല്‍ എട്ടേ കാല്‍ കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച തൊട്ടടുത്ത സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കളിച്ച എട്ട് മത്സരത്തില്‍ നിന്നും 37.20 എന്ന ശരാശരിയിലും 216.28 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 186 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഈ സീസണില്‍ ഏഴ് മത്സരത്തില്‍ നിന്നുമായി 28.25 എന്ന ആവേറേജില്‍ 113 റണ്‍സാണ് താരം സ്വന്തമാക്കിയത്. 143.01 ആണ് സീസണിലെ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നേടിയ 31 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

 

Content Highlight: Former Australian star Tom Moody says Tim David in the next Keiron Pollard of Mumbai Indians