ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിലെ രണ്ടാം ദിവസം ഇന്ത്യന്‍ ആകരാധകരെ ഏറെ നിരാശരാക്കിയത് മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പുറത്താകലായിരുന്നു. രോഹിത് ശര്‍മക്കൊപ്പം ഒരു തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ടോഡ് മര്‍ഫിക്ക് വിക്കറ്റ് സമ്മാനിച്ച് വിരാട് മടങ്ങിയത്.
മര്‍ഫിയുടെ ഡെലിവെറി ഫ്‌ളിക് ചെയ്യാന്‍ ശ്രമിച്ച വിരാടിന് പിഴയ്ക്കുകയും വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി മടങ്ങുകയുമായിരുന്നു. 26 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുള്‍പ്പെടെ 12 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു വിരാടിന്റെ മടക്കം.
ഇപ്പോള്‍, വിരാടിന്റെ മോശം ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം ഇയാന്‍ ചാപ്പല്‍. വിരാട് ഫൈന്‍ ലെഗിലേക്ക് ആ ഷോട്ട് കളിക്കുന്നതിന് പകരം ഓണ്‍ സൈഡിലേക്ക് കളിക്കണമെന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്.
‘നാശം പിടിക്കാന്‍ വിരാട് എന്തിനാണ് അത്തരത്തിലോരു ഷോട്ട് കളിച്ചത്? ഫില്‍ഡറില്‍ നിന്നും മാറി അവന്‍ ആ ഷോട്ട് ഓണ്‍ സൈഡിലേക്ക് കളിക്കണമായിരുന്നു.
ഇതുപോലെ ഫൈന്‍ ലെഗ് സ്ലിപ്പില്‍ ക്യാച്ചെടുത്ത് പുറത്താകേണ്ടി വന്നാല്‍ ഞാന്‍ ഉറപ്പായും തൂങ്ങിമരിക്കും. ഒരു വലം കയ്യന്‍ ബാറ്ററായതിനാല്‍ തന്നെ നിങ്ങള്‍ ഒരിക്കലും ആ ഭാഗത്ത് ക്യാച്ചായി പുറത്താകാന്‍ പാടില്ല,’ എന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്.
രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 321 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ ഇന്ത്യക്ക് 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ട്.
സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് നേടിത്തന്നത്. 212 പന്തില്‍ നിന്നും 120 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇതോടെ ഒരു അപൂര്‍വ റെക്കോഡും രോഹിത് ശര്‍മയെ തേടിയെത്തിയിരുന്നു.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റന്റെ റോളില്‍ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. രോഹിത്തിന് പുറമെ തിലകരത്‌നെ ദില്‍ഷന്‍, ഫാഫ് ഡു പ്ലസിസ്, ബാബര്‍ അസം എന്നിവരാണ് ഇതിന് മുമ്പ് ഈ റെക്കോഡ് നേടിയിരുന്നത്.
രോഹിത്തിന് പുറമെ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും തകര്‍ത്തടിച്ചിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ഇരുവരുടെയും കരുത്തിലാണ് ഇന്ത്യ ലീഡ് ഉയര്‍ത്തിയത്. രവീന്ദ്ര ജഡേജ 170 പന്തില്‍ നിന്നും 66 റണ്‍സ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ 102 പന്തില്‍ നിന്നും 52 റണ്‍സും നേടി.
Content Highlight: Former Australian star Ian Chapell criticize Virat Kohli