|

ഇന്ത്യ മികച്ച ടീമൊക്കെ തന്നെ, എന്നാല്‍ ജയിക്കാന്‍ പോകുന്നത് ഇംഗ്ലണ്ട്: മുന്‍ ഓസീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി നേടി ഒരിക്കല്‍ക്കൂടി വിശ്വവിജയികളായെങ്കിലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തുടരുന്ന മോശം ഫോം മറികടക്കാനുള്ള ശ്രമത്തിലാണ് രോഹിത് ശര്‍മയും സംഘവും. സ്വന്തം തട്ടകത്തില്‍ ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ന്യൂസിലാന്‍ഡിനോടും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയോടും പരാജയപ്പെട്ടാണ് ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹങ്ങളും അടിയറവ് വെച്ചത്.

ഐ.പി.എല്ലിന് ശേഷം ഇന്ത്യ വീണ്ടും ടെസ്റ്റ് മത്സരങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പട്ടൗഡി ട്രോഫിക്കായി ഇംഗ്ലണ്ടിനെതിരെയാണ് 2025-2027 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇംഗ്ലണ്ടാണ് വേദിയാകുന്നത്. ജൂണ്‍ 20 മുതലാണ് പോരാട്ടം ആരംഭിക്കുന്നത്.

പട്ടൗഡി ട്രോഫി

ഇപ്പോള്‍ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം ഡാരന്‍ ലെമാന്‍. ഈ പരമ്പരയില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

‘എനിക്ക് തോന്നുന്നത് സ്വന്തം മണ്ണില്‍ അവര്‍ അപരാജിതരായി തുടരുമെന്നാണ്. ഇന്ത്യ ഒരു മികച്ച ടീം തന്നെയാണ്. എന്നാല്‍ ഇംഗ്ലണ്ടായിരിക്കും വിജയിക്കാന്‍ പോകുന്നത്. ഏകദിനത്തിലേറ്റ തോല്‍വിയില്‍ നിന്നും അവര്‍ തിരിച്ചുവരും. ഈ സമ്മറില്‍ അവര്‍ ഒറ്റ മത്സരം പോലും പരാജയപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല,’ ലെമാന്‍ പറഞ്ഞു.

അതേസമയം, ആഷസ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തുന്ന ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബാസ്‌ബോള്‍ മികച്ചതും ആവേശം കൊള്ളിക്കുന്നതുമാണ്, എന്നാല്‍ അത് ഓസ്‌ട്രേലിയയില്‍ വര്‍ക്ക് ആകില്ല. ആതിഥേയര്‍ മറ്റൊരു ആഷസ് കിരീടം കൂടി സ്വന്തമാക്കും. സമ്മര്‍ദത്തിനടിമപ്പെടുന്ന ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തുമെന്ന് ഞാന്‍ കരുതുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ടിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.

ഇത്തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

Content Highlight: Former Australian star Darren Lehmann predicts England will remain undefeated in IND vs ENG test series

Latest Stories

Video Stories