ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി ഓസീസ് ഇതിഹാസ സ്പിന്നര്‍ ബ്രാഡ് ഹോഗ്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ സൂര്യകുമാറിനാവുമെന്നായിരുന്നു ഹോഗ് പറഞ്ഞത്.
ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ സൂര്യകുമാറിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും മാന്‍ ഓഫ് ദി മാച്ചും സ്വന്തമാക്കിയാണ് താരം ഇന്ത്യയുടെ മോസ്റ്റ് ഡിപ്പന്‍ഡിബിള്‍ ടി-20 ബാറ്ററാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചത്.
മത്സരത്തില്‍ 36 പന്തില്‍ നിന്നും 69 റണ്‍സായിരുന്നു സ്‌കൈ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ മത്സരത്തിലും സൂര്യകുമാര്‍ തന്റെ ക്ലാസ് പുറത്തെടുത്തിരുന്നു. അര്‍ധ സെഞ്ച്വറി നേടിയാണ് താരം വീണ്ടും ഇന്ത്യക്കായി തിളങ്ങിയത്.
ഇതിന് പുറമെ പല റെക്കോഡുകളും താരം തന്റെ പേരിലാക്കിയിട്ടുണ്ട്. ഒരു വര്‍ഷം ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സൂര്യകുമാര്‍ തന്റെ പേരിലാക്കിയത്.
ഈ വര്‍ഷം 180 സ്ട്രൈക്ക് റേറ്റില്‍ 732 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. അഞ്ച് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും അദ്ദേഹം ഈ വര്‍ഷം സ്വന്തമാക്കിയിട്ടുണ്ട്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരവും സൂര്യ തന്നെയാണ്. ഈ വര്‍ഷം 45 സിക്സറാണ് ട്വന്റി-20 ക്രിക്കറ്റില്‍ അദ്ദേഹം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ നേടിയ 42 സിക്സറാണ് സൂര്യ മറികടന്നത്.