ഐ.പി.എല്ലില്‍ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് മുന്‍ ഓസീസ് സൂപ്പര്‍ താരം ബ്രാഡ് ഹോഗ്. ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഹോഗിന്റെ കണക്കുകൂട്ടല്‍.
അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐ.പി.എല്ലില്‍ കിരീട സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിലെ ഫ്രണ്ട് റണ്ണേഴ്‌സാണ് മുംബൈ ഇന്ത്യന്‍സ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, ബൗളിംഗിലെ കുന്തമുന ജസ്പ്രീത് ബുംറയും, കാശെറിഞ്ഞ് സ്വന്തമാക്കിയ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഓള്‍ റൗണ്ടറായി കെയ്‌റോണ്‍ പൊള്ളാര്‍ഡും ഉള്‍പ്പെടുന്ന നിരയാണ് മുംബൈയുടേത്. എങ്കിലും ടീം അത്രകണ്ട് ശക്തരല്ല എന്നാണ് ഹോഗ് ചൂണ്ടിക്കാണിക്കുന്നത്.
മിഡില്‍ ഓര്‍ഡറില്‍ വേണ്ടത്ര ശക്തി ടീമിനുണ്ടോ എന്ന കാര്യം സംശയമാണ്. പാണ്ഡ്യ സഹോദരന്മാര്‍ മുംബൈയിലുണ്ടായിരുന്നപ്പോള്‍ മിഡില്‍ ഓര്‍ഡറിനുണ്ടായ ശക്തി ഇപ്പോഴില്ലെന്നും ഹോഗ് ചൂണ്ടിക്കാണിക്കുന്നു.
‘നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ഈ വര്‍ഷം ശരിക്കും പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്. കാരണം കഴിഞ്ഞ വര്‍ഷത്തെ പോലെ മിഡില്‍ ഓര്‍ഡറില്‍ ടീമിന് വേണ്ടത്ര ശക്തിയില്ല.
ടീമുകളുടെ എണ്ണവും വര്‍ധിച്ചതോടെ മികച്ച ബൗളര്‍മാര്‍ എല്ലാ ടീമിലുമായി ഉള്‍പ്പെടുകയും ചെയ്തതോടെ ടീമിന്റെ ബൗളിംഗ് വിഭാഗത്തിന്റെയും ശക്തി കുറഞ്ഞിരിക്കുകരയാണ്.
മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീം തന്നെയായിരുന്നു. എന്നാലിപ്പോള്‍ അവര്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്,’ ബ്രാഡ് ഹോഗ് പറഞ്ഞു.
നേരത്തെയും ബ്രാഡ് ഹോഗ് രോഹിത് ശര്‍മയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഐ.പി.എല്ലിന് ശേഷം വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുകയാണെന്നും, ആ മത്സരങ്ങളുടെ സമ്മര്‍ദ്ദം എങ്ങനെയാണ് രോഹിത് നേരിടാന്‍ പോവുന്നതെന്ന് കാണണം എന്നുമായിരുന്നു ഹോഗ് നേരത്തെ പറഞ്ഞത്.