ഇന്ത്യ മികച്ച ഫോമിലാണ്, പക്ഷെ ഏറ്റുമുട്ടാൻ പോകുന്നത് ചില്ലറക്കാരോടല്ല; ടി-20 ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ ചൂണ്ടിക്കാട്ടി ഓസീസ് ഇതിഹാസം
Cricket
ഇന്ത്യ മികച്ച ഫോമിലാണ്, പക്ഷെ ഏറ്റുമുട്ടാൻ പോകുന്നത് ചില്ലറക്കാരോടല്ല; ടി-20 ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ ചൂണ്ടിക്കാട്ടി ഓസീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th October 2022, 10:29 pm

ഈ മാസം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൽ കിരീട സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് ഓസീസ് ഇതിഹാസം മൈക്കൽ ബെവൻ. നിലവിലെ ഫോമുകളിൽ ഇന്ത്യയും ഇംഗ്ലണ്ടും മറ്റ് ടീമുകളെക്കാൾ മുന്നിലാണെന്നും ഓസ്‌ട്രേലിയയുടെ കരുത്ത് അവഗണിക്കാൻ കഴിയില്ലെന്നും ബെവൻ പറഞ്ഞു.

ഹോം ഗ്രൗണ്ടുകളിൽ കളിക്കുന്നു എന്നത് ഓസ്‌ട്രേലിയക്ക് ചെറിയൊരു ആനുകൂല്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഇന്ത്യക്കും ഇംഗ്ലണ്ടിനുമൊപ്പം ഓസ്‌ട്രേലിയക്കും കിരീട സാധ്യതയുണ്ടെന്നാണ് ബെവനിന്റെ നിഗമനം.
സ്‌കൈ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ഓസ്‌ട്രേലിയക്ക് അസാമാന്യ മികവുള്ള കളിക്കാരാണുള്ളത്. അവർ ഇത്തവണയും മികവ് തെളിയിച്ചാൽ ഓസീസും തുടർച്ചയായ രണ്ടാം കിരീടം നേടാൻ സാധ്യതയുള്ളവരാണെന്ന് ബെവൻ വ്യക്തമാക്കി.

”ഐ.സി.സി ടൂർണമെന്റിൽ ഓസ്‌ട്രേലിയയുടെ വിജയ സാധ്യത പരിഗണിക്കാതിരിക്കാൻ കഴിയില്ല. എല്ലാ സാധ്യതകളും എതിരായപ്പോഴും അവർ കഴിഞ്ഞ വർഷം കിരീടം നേടി. ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച പ്രകടനം കാഴ്ച വെച്ചാണ് മുൻ ടി-20 ലോകകപ്പ് നേടിയത്.2021 ലെ ടി-20 ലോകകപ്പ് മുതൽ ഇന്ത്യ ഒരേ റോളിലാണ്, അതിനുശേഷം ഒരു ടി-20 ഐ പരമ്പരയും തോറ്റിട്ടില്ല. ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ഹോം ഗ്രൗണ്ടിൽ അവർ നേടിയ വിജയം പുതിയ ഫോർമാറ്റിലേക്ക് അവരെ ഉയർത്തിയിട്ടുണ്ട്,” ബെവൻ പറഞ്ഞു.

അതേസമയം, ഈ മൂന്ന് ടീമുകൾക്ക് മാത്രമല്ല, ഏഷ്യാ കപ്പ് ചാമ്പ്യൻമാരായ ശ്രീലങ്കയും കിരീട സാധ്യതയുള്ളവരുടെ കൂട്ടത്തിലാണെന്ന് മുൻ ശ്രീലങ്കൻ താരം റസൽ അർനോൾഡ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ശ്രീലങ്കൻ ടീം പുറത്തെടുക്കുന്ന മികവ് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ടെന്നും ഏത് എതിരാളികളെയും വിറപ്പിക്കാനുള്ള താരങ്ങൾ ലങ്കക്കുണ്ടെന്നും അർനോൾഡ് ചൂണ്ടിക്കാട്ടി.

ഈ മാസം 16ന് തുടങ്ങന്ന ലോകകപ്പിൽ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനായി നാളെയാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോകുക.

ആദ്യ മത്സരത്തിന് മുമ്പ് ഓസ്‌ട്രേലിയക്കും ന്യൂസിലൻഡിനുമെതിരെ ഇന്ത്യ സന്നാഹ മത്സരങ്ങളിൽ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി-20 പരമ്പരകൾ ജയിച്ചാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.

ഇംഗ്ലണ്ട് ആകട്ടെ പാക്കിസ്ഥാനെതിരായ ഏഴ് മത്സര പരമ്പര 4-3ന് ജയിച്ചാണ് ലോകകപ്പിനെത്തുന്നത്.

Content Highlights: Former Australian player picks three favorites to win the t20 world cup 2022