Sports News
'രോഹിത് സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നത് എനിക്ക് കാണണം'; മുന്നറിയിപ്പും വെല്ലുവിളിയുമായി മുന്‍ ലോകതാരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Mar 18, 09:31 am
Friday, 18th March 2022, 3:01 pm

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ കുതിക്കുകയാണ്. ഏകദിനം, ടെസ്റ്റ്, ടി-20 തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സമഗ്രാധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ ടീം മുന്നേറുന്നത്.

ഈയിടെ നടന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സീരീസ് മാത്രം കണക്കിലെടുത്താല്‍ തന്നെ ഒരു ടീമെന്ന നിലയില്‍ ഇന്ത്യയുടെ വീരോചിത പ്രകടനം വ്യക്തമാവും. ലങ്കയ്ക്ക് പുറമെ ന്യൂസിലാന്‍ഡിനെയും വിന്‍ഡീസിനെയും ഇന്ത്യ പൂട്ടിക്കെട്ടിയിട്ടുണ്ട്.

ഇപ്പോഴിതാ, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഒരേസമയം മുന്നറിയിപ്പും വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം ബ്രാഡ് ഹോഗ്.

ഇത്രയും കാലം കളിച്ചത് ചെറിയ കളികള്‍ മാത്രമായിരുന്നുവെന്നും, വലിയ വലിയ ടൂര്‍ണമെന്റുകള്‍ ഇനിയാണ് വരാനുള്ളതെന്നും ഹോഗ് പറയുന്നു. രോഹിത് ശര്‍മ സമ്മര്‍ദ്ദത്തിനടിമപ്പെടുന്നത് തനിക്ക് കാണണമെന്നും, അപ്പോള്‍ അവന്‍ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ഹോഗ് കൂട്ടിച്ചേര്‍ക്കുന്നു.

‘ഓസീസിനെതിരെ ഇന്ത്യയ്ക്ക് നാല് ടെസ്റ്റുകളാണ് വരാനുള്ളത്. അത് ഒരിക്കലും രോഹിത് ശര്‍മയ്ക്ക് എളുപ്പമാവാനും പോവുന്നില്ല. രോഹിത് സമ്മര്‍ദ്ദത്തിലാവുന്നത് എനിക്ക് കാണണം.

ഇനി സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടി-20 സീരീസും, ഇംഗ്ലണ്ട് പര്യടനവും, ഇതിനെല്ലാമുപരി ടി-20 ലോകകപ്പും വരാനുണ്ട്. പ്രഷര്‍ ടൂര്‍ണമെന്റ് ഇനിയാണ് വരാനുള്ളത്. ഇതിനെ രോഹിത് എങ്ങനെ നേരിടുമെന്നാണ് ഞാന്‍ നോക്കുന്നത്. ശാന്തനായി നേരിടുമോ അതോ അല്‍പം അഗ്രസ്സീവാവുമോ?’ ഹോഗ് ചോദിക്കുന്നു.

എന്നാല്‍ ഹോഗിന്റെ വെല്ലുവിളിയോട് രോഹിത് ഇനിയും പ്രതികരിച്ചിട്ടില്ല.

മേജര്‍ ടൂര്‍ണമെന്റുകള്‍ക്കും സീരീസുകള്‍ക്കും മുമ്പായി ഐ.പി.എല്ലാണ് രോഹിത്തിന് മുമ്പിലുള്ളത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയായ രോഹിത് മുംബൈയെ വീണ്ടും കിരീടം ചൂടിക്കാനുറച്ചാണ് മുന്നോട്ട് പോവുന്നത്.

 

Content Highlight: Former Australian player Brad Hogg to Rohit Sharma, says pressure tournaments are coming