ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് കലാശപ്പോര്. കിരീട പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ ലോകം സാക്ഷിയാകുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടന്നത്. രാഷ്ട്രീയ – സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റിനായി ഇന്ത്യ പാകിസ്ഥാനില്‍ പോകാന്‍ വിസമ്മതിച്ചിരുന്നു. അതിലിപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ബ്രാഡ് ഹോഗ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ച് ഭാവിയില്‍ ഇരു ടീമുകളും ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കേണ്ടത് പ്രധാനമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാതിരുന്നത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്ഥാനും ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ബ്രാഡ് ഹോഗ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ എല്ലാ ടീമുകള്‍ക്കും യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഓസ്‌ട്രേലിയ അതില്‍ പരാതിപ്പെട്ടിട്ടില്ലെന്നും ഹോഗ് പറഞ്ഞു. ഓസീസ് സെമിയില്‍ നല്ലൊരു ടീമിനോടാണ് തോറ്റതെന്നും ന്യൂസിലാന്റിന് മാത്രമേ ദുബായില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാവൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലാ ടീമുകള്‍ക്കും 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഓസ്‌ട്രേലിയ അതില്‍ പരാതിപ്പെട്ടിട്ടില്ല. അവര്‍ സെമിയില്‍ നല്ലൊരു ടീമിനോടാണ് തോറ്റത്. ദുബായില്‍ ന്യൂസിലാന്റിന് മാത്രമേ ഇന്ത്യയെ തോല്‍പ്പിക്കാനാവൂ,’ ഹോഗ് പറഞ്ഞു.
ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യക്ക് മറ്റു ടീമിനെക്കാള്‍ മുന്‍തൂക്കം നല്‍കുന്നുണ്ട് എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. അതിനെ കുറിച്ചും ഹോഗ് സംസാരിച്ചു. ഈ വാദത്തിനെ കുറിച്ച് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും പേസര്‍ മുഹമ്മദ് ഷമിയുടെയും പ്രതികരണം സൂചിപ്പിക്കുന്നത് ഇന്ത്യയ്ക്ക് മറ്റ് ടീമുകളേക്കാള്‍ നേട്ടമുണ്ടെന്നാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ദുബായില്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് മുന്‍തൂക്കമില്ല എന്നാണ് അവരുടെ പരിശീലകന്‍ പറഞ്ഞത്. അതേസമയം, മുഹമ്മദ് ഷമി മുന്‍തൂക്കമുണ്ടെന്ന വാദത്തെ അംഗീകരിച്ചു. അവരുടെ ഇടയിലെ രണ്ട് തരം അഭിപ്രായങ്ങള്‍ ഇന്ത്യയ്ക്ക് ഒരേ വേദി ഗുണം ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. കാരണം, അവര്‍ ദുബായില്‍ തന്നെ എല്ലാ മത്സരങ്ങളും കളിച്ച് അവിടത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു,’ ഹോഗ് പറഞ്ഞു.
Content Highlight: Former Australian Player Brad Hogg Demands That India And Pakistan Play Bilateral Series To End Their Problems