| Thursday, 16th November 2023, 4:55 pm

നിങ്ങളുടെ രാജ്യത്തെ വലിച്ചുകീറുന്നത് കണ്ടിട്ടും പരിക്കേറ്റ വിരാടിനെ സഹായിച്ചതെന്തിന്? കിവികള്‍ക്കെതിരെ ഓസീസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജപ്പെടുത്തിയിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 70 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. മുഹമ്മദ് ഷമിയുടെ ബൗളിങ് കരുത്തിലാണ് ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കിയത്.

113 പന്തില്‍ 117 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ വിരാടിന്റെ 50ാം സെഞ്ച്വറിയാണ് വാംഖഡെയില്‍ പിറന്നത്. മത്സരത്തിനിടെ പേശിവലിവ് മൂലം വിരാട് ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ന്യൂസിലാന്‍ഡ് താരങ്ങളെത്തി വിരാടിനെ സഹായിക്കുകയും സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മുന്‍ ഓസീസ് താരം സൈമണ്‍ ഒ ഡോനല്‍ കിവീസ് താരങ്ങളുടെ ഈ പ്രവൃത്തിയില്‍ അത്രകണ്ട് തൃപ്തനല്ല. നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തില്‍ വിരാട് കോഹ്‌ലിയെ സഹായിച്ചത് എന്തിനായിരുന്നുവെന്നാണ് ഡോനല്‍ ചോദിച്ചത്.

‘വിരാട് പേശിവലിവ് മൂലം ബുദ്ധിമുട്ടുമ്പോള്‍ നിങ്ങളവനെ സഹായിച്ചതെന്തിന്? അതും അവര്‍ 400 റണ്‍സിലേക്കെത്തുന്ന സാഹചര്യത്തില്‍. ഒരു ലോകകപ്പ് സെമി ഫൈനലില്‍ സ്പിരിറ്റ് ഓഫ് ദി ഗെയിം എന്നത് നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കളിക്കുന്നതാണ്. വിരാട് നിങ്ങളുടെ രാജ്യത്തെ വലിച്ചുകീറുന്ന സാഹചര്യത്തില്‍ നിങ്ങളവനെ സഹായിക്കാന്‍ പോയിരിക്കുകയാണ്,’ സെന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കിവി താരങ്ങളുടെ ഈ പ്രവൃത്തി മത്സരഫലത്തെ മാറ്റിയില്ലെങ്കിലും ആ സാഹചര്യത്തില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ വിരാടിനെ സമീപിക്കാതിരിക്കണമായിരുന്നു എന്നും ഡോനല്‍ പറഞ്ഞു.

‘അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. വിരാട് കോഹ്‌ലി പേശിവലിവ് മൂലം ബുദ്ധിമുട്ടുമ്പോള്‍ എന്ത് കാരണമുണ്ടായാലും നിങ്ങള്‍ 20 മീറ്ററിനപ്പുറം നില്‍ക്കണം. വിരാട് ബാറ്റ് വലിച്ചെറിഞ്ഞപ്പോള്‍ ഒരു കിവീസ് താരമാണ് അവന് ബാറ്റ് എടുത്തുകൊടുത്തത്.

ഇത് വലിയ കാര്യമൊന്നുമല്ല. ഇതൊരിക്കലും സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റിനെ ബാധിക്കുന്നതുമല്ല. മത്സരബുദ്ധിയോടെ കളിക്കുക മാത്രമാണ് ചെയ്യേണ്ടത്.

അവന്‍ ശാരീരികമായി തളര്‍ന്നിരിക്കുമ്പോള്‍ നിങ്ങളെ തച്ചുതകര്‍ക്കാന്‍ വേണ്ടി മാത്രം അവന് ആരോഗ്യം വീണ്ടെടുക്കാന്‍ നിങ്ങളെന്തിന് സഹായിക്കുന്നു? ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 79ല്‍ നില്‍ക്കവെ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തായിരുന്നു. 149 മിനിട്ട് ക്രീസില്‍ തുടരുമ്പോള്‍ വിരാട് കോഹ്‌ലിയും ബുദ്ധിമുട്ടുന്നതായാണ് എനിക്ക് തോന്നിയത്.

എനിക്കൊന്നും മനസിലാകുന്നില്ല. ഒന്നും തന്നെ മനസിലാകുന്നില്ല. 50 സെഞ്ച്വറി നേടാന്‍ നിങ്ങളാണ് അവനെ സഹായിച്ചത്. നിങ്ങള്‍ക്കെതിരെ അതും ലോകകപ്പിന്റെ സെമി ഫൈനലില്‍ 50ാം സെഞ്ച്വറി നേടാന്‍ നിങ്ങളെന്തിന് അവനെ സഹായിച്ചു?’ ഡോനല്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ മറ്റൊരു ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച 2011ല്‍ ഇന്ത്യ വിശ്വവിജയികളായിരുന്നു. ഇത്തവണയും ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Former Australian pacer criticize New Zealand players for helping Virat Kohli in semi final

We use cookies to give you the best possible experience. Learn more