മെല്‍ബണ്‍ : കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രയാസത്തിലായ ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ഇന്നലെ 50,000 ഡോളര്‍ നല്‍കിയതിന് പിന്നാലെയാണ് ബ്രെറ്റ് ലീയുടെ സഹായം.
ഇന്ത്യ നേരിടുന്ന കടുത്ത ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 40,82,928.35 രൂപയാണ്(ഒരു ബിറ്റ് കോയിന്‍) ബ്രെറ്റ് ലീ സംഭാവന നല്‍കിയത്. ട്വിറ്ററിലൂടെയാണ് ലീ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യ എപ്പോഴും എനിക്ക് രണ്ടാമത്തെ വീട് പോലെയാണ്. കളത്തിലുണ്ടായപ്പോഴും പിന്നീട് വിരമിച്ച ശേഷവും ഇന്ത്യന്‍ ജനതയില്‍ നിന്ന് ലഭിച്ച സ്നേഹം എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യന്‍ ജനത ബുദ്ധിമുട്ടുന്നത് സങ്കടകരമാണ്.
ഈ ദുരവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഞാനും ഒത്തുചേരുന്നു. ഇന്ത്യയിലെ ആശുപത്രികളില്‍ ഓക്സിജന്‍ സപ്ലൈ സുഗമമാക്കാന്‍ ഒരു ബിറ്റ് കോയിന്‍ സംഭാവന നല്‍കുന്നു”- ലീ ട്വീറ്റ് ചെയ്തു.