| Saturday, 16th April 2022, 7:37 pm

അവന് അതിന് മാത്രം മൂല്യമൊന്നുമില്ല പോരാത്തതിന് വേറെയും മണ്ടത്തരങ്ങളും, മുംബൈ പിന്നെ എങ്ങനെ ജയിക്കാനാണ്; തുറന്നടിച്ച് വാട്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തുടര്‍ തോല്‍വികളില്‍പ്പെട്ടുഴറുന്ന മുംബൈ ഇന്ത്യന്‍സിലെ പോരായ്മകളെ കുറിച്ച് തുറന്നടിച്ച് മുന്‍ ഓസീസ് സ്റ്റാര്‍ ഓള്‍ റൗണ്ടറും ദല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകനുമായ ഷെയ്ന്‍ വാട്‌സണ്‍.

ലേലത്തില്‍ നടത്തിയ മോശം ഇടപെടലുകളാണ് മുംബൈ ഇന്ത്യന്‍സിനെ ഏറ്റവും ദുര്‍ബലമായ ടീമാക്കി മാറ്റിയതെന്നും വാട്‌സണ്‍ പറയുന്നു.

‘ലേലത്തില്‍ മുംബൈയുടെ ഇടപെടല്‍ എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ടീം കാരണം മുംബൈ പോയിന്റ് പട്ടികയില്‍ താഴേക്ക് പോയതില്‍ അതിശയിക്കാനൊന്നും തന്നെയില്ല.

ഇഷാന്‍ കിഷന് വേണ്ടി വന്‍ തുകയാണ് മുംബൈ പേഴ്‌സില്‍ നിന്നും മാറ്റിവെച്ചത്. കിഷന്‍ പ്രതിഭയുള്ള താരം തന്നെയാണ്, അതില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ല. എന്നാല്‍ അത്രയും തുകയ്ക്കുള്ള മൂല്യം അവനില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഇതിന് പുറമെ കളിക്കില്ലെന്ന് ഉറപ്പായിട്ടും ജോഫ്രാ ആര്‍ച്ചറിന് പിന്നാലെയും മുംബൈ പോയി. ഇതെല്ലാം കാരണം മുംബൈ ടീമില്‍ വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്,’ വാട്‌സണ്‍ പറയുന്നു.

മെഗാലേലത്തില്‍ 15.25 കോടി രൂപയ്ക്കായിരുന്നു മുംബൈ ഇഷാന്‍ കിഷനെ ടീമിലെത്തിച്ചത്. എത്ര തന്നെ മുടക്കിയാലും ഇഷാനെ ടീമിലെത്തിക്കണം എന്ന വാശിയായിരുന്നു മുംബൈ മാനേജ്‌മെന്റിനുണ്ടായിരുന്നത്.

പേഴ്‌സിന്റെ വലിയൊരു പങ്ക് തന്നെ ഇഷാന് കിഷന് വേണ്ടി മാത്രമായി മാറ്റിവെച്ചപ്പോള്‍ മറ്റ് താരങ്ങളെ ടീമിലെത്തിക്കാന്‍ മുംബൈയ്ക്ക് സാധിച്ചില്ല.

പരിക്കിന്റെ പിടിയിലകപ്പെട്ട് ഈ സീസണില്‍ കളിക്കില്ല എന്നുറപ്പായിട്ടും ഇംഗ്ലീഷ് പേസര്‍ ആര്‍ച്ചറിന് വേണ്ടിയും വന്‍ തുകയാണ് ടീം മാറ്റിവെച്ചത്.

ഇതിനെല്ലാം പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഫോമിലേക്കുയരാത്തതും ടീമിന് വലിയ തലവേദനയാണ്.

കഴിഞ്ഞ സീസണിലെ തങ്ങളുടെ സൂപ്പര്‍ താരങ്ങള്‍ മറ്റ് ടീമുകളിലെത്തി വെടിക്കെട്ട് നടത്തുന്ന കാഴ്ചയാണ് മുംബൈ ഇന്ത്യന്‍സിന് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നത്.

ഒരു മികച്ച ഓള്‍ റൗണ്ടര്‍ ഇല്ലാത്തതിന്റെ കുറവ് മുംബൈ അനുഭവിക്കുമ്പോല്‍ ഹര്‍ദിക് പാണ്ഡ്യ ഗുജറാത്തിന്റെ വിശ്വസ്തനായ ഓള്‍ റൗണ്ടറായും ക്യാപ്റ്റനായും മുംബൈയോട് ‘പ്രതികാരം’ വീട്ടുന്നുണ്ട്.

ഇതിന് പുറമെ ക്രുണാല്‍ പാണ്ഡ്യയും ചഹറും ഡി കോക്കും അവരുടെ ടീമുകള്‍ക്ക് വേണ്ടി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്.

Content Highlight: Former Australian Cricketer Shane Watson against Mumbai Indians strategy on Mega Auction

We use cookies to give you the best possible experience. Learn more