ആഷസിന്റെ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഓസീസ് ബൗളര്‍ സ്‌കോട്ട് ബോളണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിച്ചേക്കുമെന്ന റിക്കി പോണ്ടിംഗിന്റെ ഞെട്ടിക്കുന്ന പ്രവചനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്.
ബോളണ്ട് ഇനി ടീമിനായി ടെസ്റ്റ് കളിക്കുന്ന കാര്യം സംശയമാണെന്നാണ് പോണ്ടിംഗ് പറയുന്നത്.
ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച ബോളണ്ടിന്റെ അവിസ്മരണീയമായ ഡെലിവറികള്‍ പിറന്നത്. വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഇംഗ്ലണ്ടിന്റെ ആറ് മുന്‍നിര വിക്കറ്റുകള്‍ കടപുഴക്കിയത്. ഇതിന് പിന്നാലെയാണ് പോണ്ടിംഗിന്റെ പ്രവചനം.
‘ഇത് ബോളണ്ടിന്റെ അവസാന ടെസ്റ്റാകാനാണു സാദ്ധ്യത. ബോളണ്ടിന്റെ പ്രായം 33നോട് അടുക്കുകയാണ്. 7 റണ്‍സ് വഴങ്ങി ബോളണ്ട് 6 വിക്കറ്റ് വീഴ്ത്തി എന്ന കാര്യം ശരിതന്നെ. എന്നാല്‍ ഹെയ്സല്‍വുഡ്, ജേ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്കാകും ബോളണ്ടിനെക്കാള്‍ കൂടുതല്‍ പരിഗണന കിട്ടുക.’ എന്നാണ് പോണ്ടിംഗ് പറയുന്നത്.
അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ റിച്ചാര്‍ഡ്‌സണ്‍ അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നുവെന്നും റിച്ചാര്‍ഡ്‌സണോ ബോളണ്ടോ എന്ന് ചോദ്യം വന്നാല്‍ തീര്‍ച്ചയായും ആദ്യ പരിഗണന ലഭിക്കുകയെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ക്കുന്നു.
മൂന്നാം ടെസ്റ്റില്‍ ബോളണ്ടിന്റെ പ്രകടനത്തിന്റെ മികവിലാണ് ഓസീസ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. കാലങ്ങള്‍ക്ക് ശേഷം ആഷസ് കിരീടം മോഹിച്ചെത്തിയ ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയായിരുന്നു ബോളണ്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയത്.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ചുരുക്കം കളിക്കാരുടെ പട്ടികയിലും ബോളണ്ട് ഇതോടെ ഇടം നേടി.