| Tuesday, 28th May 2024, 1:45 pm

സഹോദരന്റെ വേർപാടിന്റെ ആദരസൂചകം; മുൻ ഓസ്‌ട്രേലിയൻ താരം ഇറ്റലിക്ക് വേണ്ടി കളിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഐ.സി.സി ലോകകപ്പില്‍ ഇറ്റലി ക്രിക്കറ്റ് ടീമിനൊപ്പം കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ജോ ബേണ്‍സ്. ഫെബ്രുവരിയില്‍ മരണപ്പെട്ട തന്റെ സഹോദരനോടുള്ള ആദരസൂചകമായാണ് ഇറ്റലിയെ പ്രതിനിധീകരിക്കുന്നത് എന്നാണ് ബേണ്‍സ് പറഞ്ഞത്.

ക്വന്‍സ്ലാന്‍ഡിലെ തന്റെ ആദ്യ ക്രിക്കറ്റ് ക്ലബ്ബില്‍ സഹോദരന്‍ ധരിച്ചിരുന്ന 85 എന്ന ഇറ്റലിയുടെ നീല ജേഴ്‌സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം പുറത്തുവിട്ടത്.

‘എന്റെ ആത്മാവിന്റെ ഒരു ഭാഗം എപ്പോഴും നഷ്ടപ്പെടും എന്ന് എനിക്ക് തോന്നുമെങ്കിലും ഈ ജേഴ്‌സി എന്റെ സഹോദരന്റെ ആത്മാവിനെ വഹിക്കുകയും അതില്‍ നിന്നും എനിക്ക് മുന്നോട്ടുപോകാനുള്ള ശക്തി ലഭിക്കുമെന്നും എനിക്ക് തോന്നും.

എന്റെ മുത്തശ്ശിമാര്‍ ഇറ്റലിയില്‍ നിന്നാണ് ഓസ്‌ട്രേലിയയിലേക്ക് വന്നത്. അവര്‍ ഓസ്‌ട്രേലിയയില്‍ പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ ഉള്ള ധൈര്യത്തെക്കുറിച്ചും പ്രതിബദ്ധതയെക്കുറിച്ചും എപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൂടെ അവര്‍ സഞ്ചരിച്ച വഴികള്‍ എനിക്ക് ഒരുപാട് പാഠങ്ങളാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ 2026 ലോകകപ്പില്‍ ഇറ്റലിയെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ ജോ ബേണ്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഐ.സി.സിയുടെ ഒരു ഫോര്‍മാറ്റിനും ലോകകപ്പ് കളിക്കാന്‍ ഇറ്റലിക്ക് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലും ശ്രീലങ്കയിലും വെച്ച് നടക്കുന്ന ടി-20 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്കായി അടുത്തമാസം റോമില്‍ വെച്ച് നടക്കുന്ന യോഗ്യത മത്സരങ്ങള്‍ക്കായി ഇറ്റലി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

അതേസമയം 2014 മുതല്‍ 2020 വരെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു ജോണ്‍ ബേണ്‍സ്. 23 റെഡ് ബോള്‍ മത്സരങ്ങളാണ് ബേണ്‍സ് ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം കളിച്ചിട്ടുള്ളത്.

Content Highlight:  Former Australian cricketer Joe Burns has said that he will play with the Italy cricket team in the 2026 ICC World Cup

Latest Stories

We use cookies to give you the best possible experience. Learn more