ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ പ്രഥമഗണനീയനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഏകദിനത്തിലും ടി-20യിലും തന്റെ പ്രതിഭ തെളിയിച്ച വിരാട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ കൂടിയാണ്.
എന്നാല്‍ കുറച്ചുനീളുകളായി വിരാടിന് തന്റെ ഫോമിന്റെ ഏഴയലത്ത് പോലും എത്താന്‍ സാധിക്കുന്നില്ല. ഏകദിനവും ടി-ട്വന്റിയും ടെസ്റ്റുമടക്കം എല്ലാ ഫോര്‍മാറ്റിലും താരം മോശം ഫോം തുടരുകയാണ്.
മോശം ഫോമിനിടയിലും വിരാട് കോഹ്‌ലിയെ പേടിക്കണമെന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സക്‌സസ്ഫുള്‍ ക്യാപ്റ്റന്‍മാരില്‍ ഒരാളായ റിക്കി പോണ്ടിങ്.
വിരാട് കോഹ്‌ലിക്കെതിരെ കളിക്കാന്‍ തനിക്ക് പേടിയാണെന്നായിരുന്നു പോണ്ടിങ് പറഞ്ഞത്. ഐ.സി.സി റിവ്യൂവിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.
‘ഞാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്ന ഒരു ക്യാപ്റ്റനോ കളിക്കാരനോ ആയിരുന്നുവെങ്കില്‍ കോഹ്‌ലി ഉള്‍പ്പെടുന്ന ഒരു ടീമിനെതിരെ കളിക്കാന്‍ വളരെയധികം പേടിക്കുമായിരുന്നു,’ പോണ്ടിങ് പറയുന്നു.
ഇപ്പോള്‍ വിരാട് അല്‍പം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാല്‍ എല്ലാ താരങ്ങള്‍ക്കും ഇത്തരമൊരു സമയം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
‘അദ്ദേഹത്തിന് ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം. വിരാടിനെ സംബന്ധിച്ച് ഇതൊരു പ്രയാസപ്പെട്ട കാലമാണ്. ഈ ഗെയിമില്‍ ഞാന്‍ കണ്ടിട്ടുള്ള എല്ലാവര്‍ക്കും മോശം സമയം ഉണ്ടായിട്ടുണ്ട്. ഏതൊരു ബാറ്ററായാലും ബൗളറായാലും ഇത്തരം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്.
എന്നിരുന്നാലും അവരെല്ലാം മികച്ച രീതിയില്‍ മടങ്ങി വന്നിട്ടുമുണ്ട്. കുറച്ചുസമയത്തിനുള്ളില്‍ തന്നെ അവന്‍ തിരിച്ചുവരാനുള്ള വഴി കണ്ടെത്തും,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ വിരാട് കോഹ്‌ലി ടീമിനൊപ്പം ചേരുമെന്നാണ് സൂചനകള്‍. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം കുടുംബവുമൊത്ത് കോഹ്‌ലി ലണ്ടനിലാണ്.
ഏഷ്യാ കപ്പിന് മുന്നോടിയായി താരം പരിശീലനം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Former Australian Captain Ricky Ponting about Virat Kohli