സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് ചെക്കന്‍ പുഷ്പം പോലെ തകര്‍ക്കും; കോഹ്‌ലിയെ പൊക്കിയടിച്ച് ഓസീസ് ഇതിഹാസം
Sports News
സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് ചെക്കന്‍ പുഷ്പം പോലെ തകര്‍ക്കും; കോഹ്‌ലിയെ പൊക്കിയടിച്ച് ഓസീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th September 2022, 10:01 pm

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് വിരാട് കോഹ്‌ലിക്ക് മറികടക്കാന്‍ സാധിക്കുമെന്ന് മുന്‍ ഓസീസ് താരവും ലെജന്‍ഡറി ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്.

നിലവില്‍ വിരാട് മികച്ച ഫോമിലാണെന്നും ഈ ഫോം പിന്തുടര്‍ന്നാല്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് മറികടക്കാന്‍ സാധിക്കുമെന്നുമാണ് പോണ്ടിങ്ങിന്റെ അഭിപ്രായം.

29 സെഞ്ച്വറി കൂടി നേടുന്നത് അല്പം പ്രയാസമാണെന്നും എന്നാല്‍ അക്കാര്യത്തില്‍ കോഹ്‌ലിയെ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നുമാണ് പോണ്ടിങ്ങിന്റെ അഭിപ്രായം.

ഐ.സി.സി റിവ്യൂവിലാണ് പോണ്ടിങ് ഇക്കാര്യം പറഞ്ഞത്.

‘മൂന്ന് വര്‍ഷം മുമ്പ് നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അവന്‍ നേടും എന്നാവും പറയുക. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ആ വേഗതയില്‍ കുറവ് വന്നിട്ടുണ്ട്.

ഞാന്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത് വിരാട് സച്ചിനെ മറികടക്കും എന്നുതന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട,’ പോണ്ടിങ് പറയുന്നു.

‘അവന്‍ ഒരുപാട് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കും, പക്ഷേ 29 സെഞ്ച്വറി കൂടി നേടുക എന്നത് ഒരു ടാസ്‌ക് തന്നെയാണ്.

ഒരു വര്‍ഷം അഞ്ചോ ആറോ ടെസ്റ്റ് സെഞ്ച്വറികള്‍. അങ്ങനെ ഒരു മൂന്ന് നാല് വര്‍ഷം. പിന്നെ ഏകദിനത്തിലേയും ടി-20യിലേയും സെഞ്ച്വറി കൂടി വന്നാല്‍ വിരാട് എന്തുതന്നെയായാലും അത് മറികടക്കും.

വിരാടിനെ കുറിച്ചും വിജയത്തിന് വേണ്ടിയുള്ള അഭിനിവേശവും നിങ്ങള്‍ക്കറിയാം. അവനെകുറിച്ചാണെങ്കില്‍ ഞാന്‍ ഒരിക്കലും നോ എന്ന് പറയില്ല’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഏറെ കാലത്തെ തന്റെ സെഞ്ച്വറി വരള്‍ച്ചക്ക് വിരാമമിട്ടുകൊണ്ടാണ് വിരാട് കോഹ്‌ലി ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടിയത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ അവസാന മത്സരത്തിലായിരുന്നു വിരാട് കത്തിക്കയറിയത്. അഫ്ഗാനിസ്ഥാനായിരുന്നു എതിരാളികള്‍.

2019ല്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ ശേഷം 1021 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിരാടിന്റെ എം.ആര്‍.എഫ് ബാറ്റില്‍ നിന്നും മറ്റൊരു സെഞ്ച്വറി കൂടി പിറന്നത്.

അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു വിരാട് മത്സരത്തില്‍ കുറിച്ചത്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ താരത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാവുമെന്നുറപ്പാണ്.

Content Highlight:  Former Australian captain Rickey Ponting says  Virat Kohli can still break Sachin Tendulkar’s record of 100 centuries