ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമില്‍ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്.
ഐ.പി.എല്ലില്‍ മികച്ച രീതിയിലുള്ള പ്രകടനമാണ് താരം നടത്തിയതെന്നും കളിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കെല്‍പുള്ള താരമാണ് കാര്‍ത്തിക്കെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
‘ഞാന്‍ എന്തുതന്നെയായാലും അവനെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിപ്പിക്കുകയും ചെയ്യും.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മത്സരം ഫിനിഷ് ചെയ്തതൊക്കെ അവിശ്വസിനീയമായ രീതിയിലാണ്. അവന്‍ അവന്റെ ഗെയിമിനെ മറ്റൊരു ലെവലിലേക്കാണ് എത്തിക്കുന്നത്,’ പോണ്ടിംഗ് പറയുന്നു.
ഐ.പി.എല്‍ 2022ല്‍ നിരവധി താരങ്ങള്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെന്നും എന്നാല്‍ സീസണില്‍ ഏറ്റവുമധികം ഇംപാക്ട് ഉണ്ടാക്കിയത് ദിനേഷ് കാര്‍ത്തിക്കാണെന്നും അദ്ദേഹം പറയുന്നു.
‘വിരാട് കോഹ്‌ലിക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ഇത് മികച്ച സീസണായിരുന്നില്ല. പക്ഷേ ദിനേഷ് കാര്‍ത്തിക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്,’ പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
ദിനേഷ് കാര്‍ത്തിക് എന്ന വെറ്ററന്‍ താരത്തിന്റെ തിരിച്ചുവരവിനാണ് ഐ.പി.എല്‍ 2022 സാക്ഷ്യം വഹിച്ചത്. ഐ.പി.എല്ലില്‍ ആര്‍.സി.ബി തന്നെ ടീമിലെടുത്തപ്പോള്‍ നെറ്റി ചുളിച്ച പലര്‍ക്കും തന്റെ പ്രകടനത്തിലൂടെയായിരുന്നു താരം മറുപടി നല്‍കിയത്.
ആര്‍.സി.ബിയെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ ദിനേഷ് കാര്‍ത്തിക് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 183 എന്ന മാരക സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്.