| Wednesday, 1st January 2025, 10:47 pm

ആ ജീനിയസ് ആറാം നമ്പറില്‍ ബാറ്റ് ചെയ്യണം, അതിന് സാധിക്കുന്നില്ലെങ്കില്‍... ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ക്ലാര്‍ക്

സ്പോര്‍ട്സ് ഡെസ്‌ക്

തുടര്‍ച്ചയായ മൂന്നാം ബോക്‌സിങ് ഡേ ടെസ്റ്റിലും ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താമെന്ന ഇന്ത്യയുടെ മോഹം അവസാനിപ്പിച്ചാണ് ആതിഥേയര്‍ മെല്‍ബണില്‍ വിജയിച്ചുകയറിയത്. 184 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കാതെ പോയതില്‍ ആരാധകര്‍ പാടെ നിരാശരായിരുന്നെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനം അവരെ ഹരം കൊള്ളിച്ചിരുന്നു. സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് റെഡ്ഡി തിളങ്ങിയത്.

ഇപ്പോള്‍ നിതീഷ് കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്. നിതീഷ് കുമാര്‍ റെഡ്ഡി ഈ പരമ്പരയിലുടനീളം അണ്ടര്‍റേറ്റഡായിരുന്നെന്നും താരം ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നും ക്ലാര്‍ക് അഭിപ്രായപ്പെട്ടു.

ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ക്ലാര്‍ക് നിതീഷ് കുമാറിനെ പ്രശംസിച്ചത്.

‘നിതീഷ് കുമാര്‍ റെഡ്ഡി, എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ഈ കൊച്ചുപയ്യന്‍ ഒരു ജീനിയസാണ്. എനിക്ക് തോന്നുന്നത് അവന്‍ ഉറപ്പായും ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ്, അതിന് സാധിച്ചില്ലെങ്കില്‍ ഏഴാം നമ്പറില്‍ കളത്തിലിറങ്ങണം.

അവന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനാണ്, വെറും 21 വയസില്‍, അവിശ്വസനീയമാണ്. ഈ പരമ്പരയിലുടനീളം അവന്‍ അണ്ടര്‍റേറ്റഡായിരുന്നു,’ ക്ലാര്‍ക് പറഞ്ഞു.

മെല്‍ബണില്‍ നടന്ന മത്സരത്തില്‍ കരിയറിലെ ആദ്യ റെഡ് ബോള്‍ ഫിഫ്റ്റ് തന്നെ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്താണ് നിതീഷ് തിളങ്ങിയത്.

രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട അതേ പിച്ചിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സ്‌കോട് ബോളണ്ടിനെ ബൗണ്ടറി കടത്തിയാണ് റെഡ്ഡി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല തകര്‍പ്പന്‍ റെക്കോഡുകളും നിതീഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത് ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടമാണ് ഇതില്‍ പ്രധാനം. 21 വയവും 214 ദിവസവും പ്രായമുള്ളപ്പോഴാണ് റെഡ്ഡി ഓസ്ട്രേലിയന്‍ മണ്ണില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കുന്നത്.

ഓസ്ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം

(താരം – പ്രായം – വേദി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 18 വയസും 253 ദിവസവും – സിഡ്നി

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 18 വയസും 283 ദിവസവും – പെര്‍ത്ത്

റിഷബ് പന്ത് – 21 വയസും 91 ദിവസവും – സിഡ്നി

നിതീഷ് കുമാര്‍ റെഡ്ഡി – 21 വയസും 214 ദിവസവും – മെല്‍ബണ്‍*

ദത്തു പട്കര്‍ – 22 വയസും 42 ദിവസവും – അഡ്ലെയ്ഡ്

കെ.എല്‍. രാഹുല്‍ – 22 വയസും 263 ദിവസവും – സിഡ്നി

യശസ്വി ജെയ്സ്വാള്‍ – 22 വയസും 330 ദിവസവും – പെര്‍ത്ത്

വിരാട് കോഹ്‌ലി – 23 വയസും 80 ദിവസവും – അഡ്‌ലെയ്ഡ്

അതേസമയം, ഇതിനോടകം തന്നെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്നതിനാല്‍ ഓസ്ട്രേലിയക്ക് സിഡ്നിയില്‍ സമനില പോലും പരമ്പര നേടിക്കൊടുക്കും. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള സാധ്യതയും ഇതോടെ വര്‍ധിക്കും. എങ്കിലും 2025ലെ തങ്ങളുടെ ആദ്യ മത്സരം തന്നെ വിജയിച്ച് തുടങ്ങാനാകും ഓസ്ട്രേലിയ ഒരുങ്ങുക.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്ര വിജയം നേടുകയും തുടര്‍ന്ന് കളിച്ച ഓരോ മത്സരത്തിലും നിരാശപ്പെടുത്തുകയും ചെയ്ത ഇന്ത്യയെ സംബന്ധിച്ച് സിഡ്നി ടെസ്റ്റ് നിര്‍ണായകമാണ്. പരമ്പര സമനിനിലയിലെത്തിക്കാനും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കൈവിടാതെ കാക്കാനും ഇന്ത്യക്ക് അഞ്ചാം ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ.

Content Highlight: Former Australian captain Michael Clarke praises Nitish Kumar Reddy

Latest Stories

We use cookies to give you the best possible experience. Learn more