വിരാട് ഇപ്പോള്‍ വിരമിച്ചാല്‍ പരാജയപ്പെടുക ആ സൂപ്പര്‍ ടീം മാത്രം; വ്യക്തമാക്കി മൈക്കല്‍ ക്ലാര്‍ക്
Sports News
വിരാട് ഇപ്പോള്‍ വിരമിച്ചാല്‍ പരാജയപ്പെടുക ആ സൂപ്പര്‍ ടീം മാത്രം; വ്യക്തമാക്കി മൈക്കല്‍ ക്ലാര്‍ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th January 2025, 12:31 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഓസ്‌ട്രേലിയയുടെ വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്. താനായിരുന്നു വിരാടിന്റെ ക്യാപ്റ്റനായിരുന്നെങ്കില്‍ അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കി നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമായിരുന്നു എന്നും ക്ലാര്‍ക് പറഞ്ഞു.

ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈക്കല്‍ ക്ലാര്‍ക്

ഇപ്പോഴുള്ള മോശം അവസ്ഥയില്‍ നിന്നും വിരാട് കോഹ്‌ലിക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നും താരം കളി തുടരണമെന്നും ക്ലാര്‍ക് പറഞ്ഞു. അഥവാ വിരാട് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പരാജയപ്പെടുക ഇന്ത്യ മാത്രമായിരിക്കുമെന്നും ക്ലാര്‍ക് പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ക്ലാര്‍ക്.

‘ഇത് വിരാട് കോഹ്‌ലിയാണ്. വേണമെങ്കില്‍ നാളെ അദ്ദേഹത്തിന് ഇരട്ട സെഞ്ച്വറി നേടാന്‍ സാധിക്കും, അത്തരത്തിലുള്ള താരമാണ് അദ്ദേഹം. അത്രയും മികച്ച ബാറ്ററാണ്.

വിരാടിന് ഇനിയും കളിക്കാന്‍ സാധിക്കും, മതിയെന്ന് തോന്നുന്നത് വരെ വിരാട് കളിക്കണം. ഇപ്പോള്‍ വിരാട് ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ ഒരു ടീം മാത്രമേ പരാജയപ്പെടൂ, അത് ഇന്ത്യയായിരിക്കും.

വിരാട് ഉള്ള ഏതൊരു ടീമിന്റെയും ക്യാപ്റ്റന്‍ ഞാനാണ് എന്നിരിക്കട്ടെ, കാര്യമായി റണ്‍സൊന്നും നേടുന്നില്ല എന്ന വസ്തുത വ്യക്തമായി മനസിലാക്കിയ ശേഷവും അവനെ ടീമിന്റെ ഭാഗമായി നിലനിര്‍ത്താന്‍ ഞാന്‍ ഉറപ്പായും പോരാടും,’ ക്ലാര്‍ക് പറഞ്ഞു.

ഈയിടെ അവസാനിച്ച ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മോശം പ്രകടനമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പുറത്തെടുത്തത്. തന്റെ പേരിനോടോ പെരുമയോടോ നീതി പുലര്‍ത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ശരാശരിക്കും താഴെയുള്ള പ്രകടനമാണ് വിരാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്സില്‍ നിന്നുമായി 23.75 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് വിരാട് നേടിയത്. പെര്‍ത്തില്‍ പുറത്താകാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പരമ്പരയില്‍ ആകെ 15 ഫോറുകള്‍ മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്.

ഓസ്‌ട്രേലിയയുടെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങിയാണ് വിരാട് എല്ലായ്‌പ്പോഴും മടങ്ങിയത്. റണ്‍സ് നേടാന്‍ സാധിക്കാതെ വരികയും ഒരേ തെറ്റ് തുടരെ തുടരെ ആവര്‍ത്തിക്കുകയും അത് തിരുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തതോടെ വിരാടിനെതിരെ ആരാധകരുടെ മുറവിളി ഉയര്‍ന്നിരുന്നു. താരം വിരമിക്കണമെന്ന് പോലും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

ഓഫ് സൈഡ് ട്രാപ്പില്‍ വിരാട് പുറത്താകുന്നു

വിരാട് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അഞ്ച് ഇന്നിങ്സുകള്‍ ബാറ്റ് ചെയ്ത രോഹിത് ശര്‍മയ്ക്ക് ഒറ്റ ഇന്നിങ്സില്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. അതാകട്ടെ പത്ത് റണ്‍സും! ആകെ സ്‌കോര്‍ ചെയ്തത് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രം.

 

Content highlight: Former Australian captain Michael Clarke about Virat Kohli