ന്യൂ ബോളില്‍ വിക്കറ്റ് നേടാനും എതിരാളികളുടെ ടോപ് ഓര്‍ഡറിനെ കടപുഴക്കിയെറിയാനുമുള്ള ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കഴിവിനെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഓപ്പണിങ് ബാറ്ററുമായ ആരോണ്‍ ഫിഞ്ച്.
ഇ.എസ്.പി.എന്നിലെ എറൗണ്ട് ദി വിക്കറ്റില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുംറ ഒരു വേള്‍ഡ് ക്ലാസ് ബൗളറാണെന്നും അദ്ദേഹത്തിനെതിരെ കളിച്ച മിക്ക ഓസ്‌ട്രേലിയന്‍ താരങ്ങളും നിലവില്‍ കളത്തിലില്ല എന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു. ഇനി തനിക്കെതിരെ പന്തെറിയരുത് എന്നും അദ്ദേഹം തമാശപൂര്‍വം പറയുന്നുണ്ട്.
2018-19 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തന്നെ പുറത്താക്കിയതിനെ കുറിച്ചാണ് ഫിഞ്ച് സംസാരിച്ചത്. പരമ്പരയില്‍ രണ്ട് തവണയാണ് ഫിഞ്ച് ബുംറയുടെ പന്തില്‍ പുറത്തായത്. താരത്തിന്റെ അവസാന ടെസ്റ്റ് പരമ്പര കൂടിയായിരുന്നു അത്.
ഈ ടോക് ഷോയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ക്കെതിരെ ബുംറയുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിച്ച 10 മത്സരത്തില്‍ നിന്നും 15 തവണ ഓസീസ് ഓപ്പണര്‍മാരെ താരം മടക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ എട്ട് വിവിധ ഓപ്പണര്‍മാരെയാണ് ഓസ്‌ട്രേലിയ പരീക്ഷിച്ചത്.
ഉസ്മാന്‍ ഖവാജയെയും നഥാന്‍ മക്‌സ്വീനിയെയും നാല് തവണ വീതം മടക്കിയ ബുംറ, ആരോണ്‍ ഫിഞ്ച്, ജോ ബേണ്‍സ്, മാര്‍കസ് ഹാരിസ് എന്നിവരെ രണ്ട് തവണ വീതവും മടക്കി.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ മാത്യു വേഡ് ഒരു തവണയും ബുംറയുടെ വേഗതയറിഞ്ഞു. ഡേവിഡ് വാര്‍ണര്‍, വില്‍ പുകോവ്‌സ്‌കി എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബുംറയുടെ പന്തില്‍ പുറത്താകാതെ നിന്ന ഓപ്പണിങ് ബാറ്റര്‍മാര്‍.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെക്കാള്‍ മികച്ച ബൗളിങ് ശരാശരിയാണ് ബുംറയ്ക്കുള്ളത്. ഇത്തവണത്തെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഓസ്ട്രേലിയന്‍ മണ്ണില്‍ ബുംറയുടെ ടെസ്റ്റ് ശരാശരി 19.36 ആയിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അത് 17.15 ആയി മെച്ചപ്പെടുത്തുകയും ചെയ്തു.
(താരം – ടീം – ശരാശരി എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – ഇന്ത്യ – 17.15
പാറ്റ് കമ്മിന്‍സ് – ഓസ്ട്രേലിയ – 20.05
ഗ്ലെന്‍ മഗ്രാത്ത് – ഓസ്ട്രേലിയ – 22.43
ജോഷ് ഹെയ്സല്‍വുഡ് – ഓസ്ട്രേലിയ – 22.70
ഡെന്നിസ് ലില്ലി – ഓസ്ട്രേലിയ – 23.73
ജേസണ്‍ ഗില്ലെസ്പി – ഓസ്ട്രേലിയ – 24.68
മിച്ചല്‍ ജോണ്‍സണ്‍ – ഓസ്ട്രേലിയ -25.47
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – 26.07
ഷെയ്ന്‍ വോണ്‍ – ഓസ്ട്രേലിയ – 26.39
പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. കളിച്ച മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്സിലും അവിശ്വസനീയമായ രീതിയിലാണ് താരം പന്തെറിഞ്ഞത്.
ആറ് ഇന്നിങ്സില്‍ നിന്നുമായി ഇതിനോടകം തന്നെ 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ നിരയിലും ഓസീസ് നിരയിലും മറ്റൊരു ബൗളറും 15 വിക്കറ്റ് തികച്ച് നേടിയിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
25.14 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 10.90 എന്ന അതിലും മികച്ച ശരാശരിയിലുമാണ് ബുംറ പന്തെറിയുന്നത്. ഇതിനോടകം തന്നെ രണ്ട് ഫൈഫറുകളും താരം സ്വന്തമാക്കി.
Content highlight: Former Australian captain Aaron Finch praises Jasprit Bumrah