| Thursday, 2nd February 2023, 8:41 pm

വിരാടിനെ പുറത്താക്കാന്‍ എളുപ്പവഴിയുണ്ട്, അതുമാത്രം ചെയ്താല്‍ മതി; നിര്‍ണായക പരമ്പരക്ക് മുമ്പ് വിരാടിനെ പുറത്താക്കാന്‍ തന്ത്രവുമായി മുതിര്‍ന്ന കങ്കാരു

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പരക്കാണ് കളമൊരുങ്ങുന്നത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്ക് മികച്ച വിജയം സ്വന്തമാക്കിയേ മതിയാകൂ. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും തുല്യ സാധ്യത കല്‍പിക്കുന്നതിനാല്‍ വമ്പന്‍ മാര്‍ജിനിലെ വിജയമല്ലാതെ മറ്റൊന്നും ഇന്ത്യക്ക് സ്വപ്‌നം പോലും കാണാന്‍ സാധിക്കില്ല.

പരമ്പരക്ക് മുമ്പായി ഇന്ത്യയുടെ ഏയ്‌സായ വിരാട് കോഹ്‌ലിയെ പുറത്താക്കുള്ള മാര്‍ഗം ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ഉപദേശിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും ലെജന്‍ഡറി പേസറുമായിരുന്ന ജെഫ് തോംസണ്‍.

മറ്റെല്ലാവരെയും പോലെ തന്നെ വിരാടിനെയും കാണണമെന്നും വിരാടിനെ റണ്‍ നേടാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടണമെന്നുമായിരുന്നു തോംസണ്‍ പറഞ്ഞത്.

ബോറിയ മജുംദാറിന്റെ ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ എന്ന പരിപാടിയിലായിരുന്നു തോംസണ്‍ വിരാടിനെ പുറത്താക്കാനുള്ള തന്ത്രമുപദേശിച്ചത്.

‘ഇത് മറ്റെല്ലാവരെയും പോലെ തന്നെയാണ്, വ്യത്യാസമൊന്നുമില്ല. നിങ്ങള്‍ വിരാടിനെതിരെ പന്തെറിയുകയാണെങ്കില്‍ അതില്‍ മറ്റുള്ളവര്‍ക്കെതിരെ പന്തെറിയും പോലെ തന്നെയാണ്, ഒരു വ്യത്യാസവും അക്കാര്യത്തിലില്ല. നിങ്ങളവനെ പിടിച്ചുകെട്ടണം, അസ്വസ്ഥപ്പെടുത്തണം. അവനെ റണ്‍ നേടാന്‍ അനുവദിക്കരുത്.

അവന്റെ പക്കല്‍ നിരവധി ഷോട്ടുകള്‍ ഉള്ളതിനാല്‍ തടഞ്ഞുനിര്‍ത്തുക പ്രയാസം തന്നെയാണ്. കൂടുതല്‍ റിസ്‌ക്കെടുക്കാന്‍ വേണ്ടി അവനെ നിര്‍ബന്ധിതനാക്കണം. അതാണ് ചെയ്യേണ്ടത്.

കംഫേര്‍ട്ട് സോണില്‍ നിന്നും അവനെ പുറത്തുകൊണ്ടുവരണം. മികച്ച ബൗളര്‍മാര്‍ക്ക് പലപ്പോഴായി അതിന് സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് നിങ്ങള്‍ വിവ് റിച്ചാര്‍ഡ്‌സ്, ഗ്രെഗ് ചാപ്പല്‍, സുനില്‍ ഗവാസ്‌കര്‍ പോലുള്ള താരങ്ങള്‍ക്കെതിരെ പന്തെറിയാന്‍,’ തോംസണ്‍ പറഞ്ഞു.

ഫെബ്രുവരി പത്തിനാണ് പരമ്പരയിലെ ആദ്യ മത്സരം. വിദര്‍ഭയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)

ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജയദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി.

Content Highlight:  Former Australian bowler’s advice to dismiss Virat Kohli ahead of India vs Australia test series

We use cookies to give you the best possible experience. Learn more