| Friday, 21st October 2022, 8:11 pm

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ആദ്യ ഓവറുകള്‍ക്കുള്ളില്‍ തന്നെ തീരുമാനമാവും; പ്രസ്താവനയുമായി മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിലൊന്നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്ന ഒക്ടോബര്‍ 23ന് നടക്കുന്ന മെല്‍ബണ്‍ ടി-20. മത്സരത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഴുവന്‍ ടിക്കറ്റുകളും സോള്‍ഡ് ഔട്ട് ആയിരുന്നു.

കഴിഞ്ഞ ടി-20 ലോകകപ്പിലാണ് ഒരു ഐ.സി.സി ലോകകപ്പില്‍ ഇന്ത്യ ആദ്യമായി പാകിസ്ഥാനോട് പരാജയപ്പെടുന്നത്. യു.എ.ഇയില്‍ വെച്ച് നടന്ന ലോകകപ്പില്‍ പത്ത് വിക്കറ്റിനായിരുന്നു ബാബറിന്റെ പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തുവിട്ടത്.

ഈ മത്സരത്തിനുള്ള റീ മാച്ച് എന്ന നിലയിലും മെല്‍ബണില്‍ വെച്ച് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ലഭിക്കുന്ന ഹൈപ് ചെറുതല്ല.

പല താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും ഈ മത്സരത്തിനായി കാത്തിരിക്കുന്നുണ്ട്.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ശക്തമാകുമെന്നും ഇന്ത്യന്‍ ബാറ്റര്‍മാരും പാകിസ്ഥാന്റെ ബൗളിങ് നിരയും തമ്മിലുള്ള മത്സരമാണിതെന്നുമായിരുന്നു മുന്‍ ഓസീസ് സ്റ്റാര്‍ ആള്‍ റൗണ്ടര്‍ ടോം മൂഡിയുടെ അഭിപ്രായം.

ടീം കോമ്പിനേഷന്‍ കണക്കിലെടുക്കുമ്പോള്‍ കളിയുടെ ആദ്യ ഓവറുകളില്‍ തന്നെ മത്സരത്തിന്റെ ഫലം നിര്‍ണയിക്കപ്പെടുമെന്നാണ് മൂഡി പറയുന്നത്.

‘എന്നെ സംബന്ധിച്ച് ഇത് വളരെ ഇന്ററസ്റ്റിങ്ങായ ഒരു മത്സരമാണ്. ഇന്ത്യന്‍ നിരയില്‍ വേള്‍ഡ് ക്ലാസ് ബാറ്റര്‍മാരാണുള്ളത്. എന്നാല്‍ പാകിസ്ഥാന്റെ ബൗളിങ് നിരയാണ് അവരുടെ ശക്തി കേന്ദ്രം.

ഇന്ത്യ എത്രത്തോളം മികച്ച രീതിയില്‍ പാകിസ്ഥാന്റെ ബൗളിങ് നിരയെ നേരിടുന്നു എന്നതാവും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക,’ ടോം മൂഡി പറയുന്നു.

എന്നാല്‍ ഇത്രത്തോളം ഹൈപ് നിലനില്‍ക്കുന്ന ഈ മത്സരം നടക്കുമോ എന്നാണ് കണ്ടറിയേണ്ടത്. മത്സരം നടക്കുന്ന ഞായറാഴ്ച കനത്ത മഴയായിരിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘ക്ലൗഡി. ഉയര്‍ന്ന മഴക്ക് സാധ്യത. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. തെക്ക് നിന്നും 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുമ്പുള്ള ദിവസങ്ങളിലും മെല്‍ബണില്‍ മഴ ഭീഷണിയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ 90 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരുപക്ഷേ, മഴ കാരണം കളി നടക്കാതിരിക്കുകയാണെങ്കില്‍ മത്സരം റീഷെഡ്യൂള്‍ ചെയ്യാന്‍ സാധ്യതയില്ല. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നല്‍കാനാവും തീരുമാനിക്കുക.

ഇന്ത്യയുടെ അവസാന സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരെ ഗാബയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചത്.

Content highlight: Former Australian allrounder Tom Moody about India vs Pakistan match

We use cookies to give you the best possible experience. Learn more