ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. പരമ്പരയുടെ മൂന്നാം ദിവസത്തെ രണ്ടാം സെഷനില്‍ തന്നെ കളിയുടെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഓസീസിന്റെ പരാജയം.
ഓസ്‌ട്രേലിയയുടെ തോല്‍വിയില്‍ പ്രതികരണവുമായി നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ എത്തിയിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ഇയാന്‍ ഹിഗ്ഗിന്‍സും മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരുന്നു.
മത്സരത്തിനിടെ രവീന്ദ്ര ജഡേജ കയ്യില്‍ ഓയിന്‍മെന്റ് പുരട്ടിയില്ലായിരുന്നുവെങ്കില്‍ ഓസീസ് 600 റണ്‍സിന് മത്സരം വിജയിക്കുമായിരുന്നു എന്നായിരുന്നു താരത്തിന്റെ അഭിപ്രായം.
ട്വിറ്ററിലൂടൊണ് ഹിഗ്ഗിന്‍സ് മത്സരത്തെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകള്‍ നടത്തിയത്. നിരവധി കമന്റുകളും റീ ട്വീറ്റുകളും താരത്തിന്റെ ട്വീറ്റിന് ലഭിക്കുന്നുണ്ട്.
ഓസീസിന്റെ ആദ്യ ഇന്നിങ്‌സിനിടെയായിരുന്നു രവീന്ദ്ര ജഡേജ വിരലില്‍ ഓയിന്റ്‌മെന്റ് പുരട്ടിയത്. വിരലില്‍ പന്തടിച്ചുകൊണ്ടതിനാല്‍ വേദന ശമിപ്പിക്കാനായിരുന്നു താരം ഇക്കാര്യം ചെയ്തതതെന്നാണ് ബി.സി.സി.ഐ വിശദീകരണം നല്‍കിയത്.
എന്നാല്‍ ജഡേജ കയ്യില്‍ ഓയിന്റ്‌മെന്റ് പുരട്ടുന്ന ചിത്രങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ജഡേജ പന്തില്‍ കൃത്രിമം കാണിക്കുന്നു എന്നായിരുന്നു ഫോക്‌സ് ന്യൂസ് അടക്കമുള്ള പ്രധാന മാധ്യമങ്ങളുടെ വാദം.
മുന്‍ ഓസീസ് നായകന്‍ ടിം പെയ്‌നും മുന്‍ ഇംഗ്ലണ്ട് നായകനും ക്രിക്കറ്റ് അനലിസ്റ്റുമായ മൈക്കല്‍ വോണും ജഡേജയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ‘സ്പിന്‍ ഫിംഗറില്‍ എന്തോ പുരട്ടുന്നു, ഇക്കാലമത്രെയും ഇതുപോലെ ഒന്ന് കണ്ടിട്ടില്ല,’ എന്നായിരുന്നു വോണിന്റെ പരാമര്‍ശം.
ഇതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 22 ഓവര്‍ എറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറിയും തികച്ച ജഡേജ തന്നെയായിരുന്നു മത്സരത്തിലെ താരവും.
കളിക്ക് ശേഷം വിഷയത്തില്‍ ജഡേജക്കെതിരെ ഐ.സി.സി നടപടി സ്വീകരിച്ചിരുന്നു. മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തുകയും ഒരു ഡീ മെറിറ്റ് പോയിന്റ് നല്‍കുകയുമായിരുന്നു ചെയ്തത്.
സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റ് സംഭവത്തില്‍ ജഡേജ നല്‍കിയ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനുമായിരുന്നു.
വിരലില്‍ പുരട്ടിയ മരുന്ന് പന്തിന്റെ സ്വാഭാവിക അവസ്ഥക്ക് മാറ്റമുണ്ടാക്കിയിട്ടില്ല എന്നും അതിനാല്‍ തന്നെ താരത്തിന്റെ പ്രവര്‍ത്തി ഐ.സി.സി മാനദണ്ഡങ്ങള്‍ക്ക് എതിരല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നിരുന്നാലും മരുന്ന് പുരട്ടുന്ന വിവരം ഫീല്‍ഡ് അമ്പയര്‍മാരെ അറിയിക്കാതിരുന്നതിനാലാണ് മാച്ച് ഫീയുടെ 25 ശതമാനം ജഡേജക്ക് പിഴ വിധിച്ചത്. ഇക്കാര്യം ജഡേജ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
Content highlight: Former Australia star against Ravindra Jadeja