ദേശീയ ടീമിനേക്കാള്‍ പ്രാധാന്യം ടി-20 ലീഗുകള്‍ക്ക് നല്‍കുന്ന താരങ്ങളുടെ മനോഭാവത്തെ ചോദ്യം ചെയ്ത് മുന്‍ ഓസീസ് സൂപ്പര്‍ താരം ബ്രാഡ് ഹോഗ്.
കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ പരിഗണന ടി-20 ലീഗിന് കൊടുത്താല്‍ അത് ആ രാജ്യത്തെ ക്രിക്കറ്റിനെ ബാധിക്കുമെന്നായിരുന്നു ഹോഗ് പറഞ്ഞത്.
അന്താരാഷ്ട്ര ഗെയിമുകളെ ഗ്രാസ് റൂട്ട് ലെവലില്‍ മുരടിപ്പിക്കാനും താരങ്ങളുടെ ഈ നീക്കം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ ടി-20 ലീഗ് കളിക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫര്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മറ്റ് ഫ്രാഞ്ചൈസി ലീഗുകളേക്കാള്‍ ഐ.പി.എല്ലാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഫ്രാഞ്ചൈസി ലീഗിന് വേണ്ടി ദേശീയ ടീമിന് വേണ്ടിയുള്ള മത്സരമടക്കം താരങ്ങള്‍ ഉപേക്ഷിക്കുന്നതും സ്ഥിരം കാഴ്ചയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരങ്ങളായ ലുന്‍ഗി എന്‍ഗിഡിയടക്കമുള്ള താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സി ഉപേക്ഷിച്ചാണ് ഐ.പി.എല്ലിലെത്തിയത്. ഇക്കാരണത്താല്‍ പണമാണോ രാജ്യത്തിന് വേണ്ടിയുള്ള മത്സരങ്ങളാണോ കളിക്കാര്‍ക്ക് പ്രധാനം എന്ന ചര്‍ച്ചകളും സജീവമായിരുന്നു.
ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് ഹോഗ് ഇക്കാര്യം പറഞ്ഞത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഹോഗ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
‘അന്താരാഷ്ട്ര മത്സരങ്ങള്‍ ഉപേക്ഷിച്ച താരങ്ങള്‍ ടി-20 ലീഗിന് പിന്നാലെ പോവുന്നത് ക്രിക്കറ്റിന്റെ വളര്‍ച്ചയെ തന്നെ ബാധിക്കുന്ന കാര്യമാണ്. കൊച്ചുകുട്ടികള്‍ തങ്ങളുടെ ഹീറോ ആയിട്ടാണ് ക്രിക്കറ്റ് താരങ്ങളെ കാണുന്നത്. എന്നാല്‍ അവര്‍ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാതിരിക്കുന്നത് ആ കുട്ടികളെയും ബാധിക്കും.
ഈ കുട്ടികളുടെ വളര്‍ച്ച പിന്നെ നമ്മള്‍ ആരും തന്നെ കാണില്ല. പാക് നായകന്‍ ലോകമെമ്പാടുമുള്ള ടി-20 ലീഗുകളില്‍ കളിക്കുകയും എന്നാല്‍ പാകിസ്ഥാന് വേണ്ടി കളിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ,’ ഹോഗ് പറയുന്നു.
ചില രാജ്യങ്ങളിലെ കളിക്കാര്‍ തങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് കളിക്കാര്‍ ഇതിന് മുതിരുന്നതെന്നും ഹോഗ് വ്യക്തമാക്കുന്നു.
‘ഇതൊരു വലിയ പ്രശ്‌നമാണ്. മികച്ച രീതിയില്‍ പ്രതിഫലം കിട്ടുന്ന ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യത്ത് ഇതൊരു പ്രശനമല്ലായിരിക്കാം. എന്നാല്‍ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് പോലുള്ള രാജ്യങ്ങളിലെ ടോപ് സ്റ്റാറുകള്‍ പോലും പണത്തിനായി ഇത്തരം ലീഗുകളില്‍ കളിക്കാന്‍ പോവുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും,’ ഹോഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി ഈ ട്രെന്റ് വ്യാപകമായി ക്രിക്കറ്റ് ലോകത്ത് നിലവിലുണ്ട്. വരുന്ന വര്‍ഷങ്ങളില്‍ ഈ സംഭവം വ്യാപകമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Content highlight: Former Australian superstar Brad Hogg has questioned the attitude of players who give more importance to T20 leagues than the national team.