ലോകകപ്പില്‍ എന്തൊരു കളിയായിരുന്നു; ബാലണ്‍ ഡി ഓര്‍ മെസിക്കെന്ന് ആഴ്‌സണല്‍ ലെജന്‍ഡ്
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ നായകന്‍ ലയണ്‍ മെസി സ്വന്തമാക്കുമെന്ന് ആഴ്‌സണല്‍ ഇതിഹാസ താരം റേ പാര്‍ലര്‍. ലോകകപ്പില്‍ ലയണല്‍ മെസി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തതെന്നും മുന്‍ ആഴ്‌സണല്‍ മിഡ് ഫീല്‍ഡര്‍ പറഞ്ഞു.
ടോക് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ബാലണ്‍ ഡി ഓര്‍ നേടുമെന്ന് മുന്‍ ഗണ്ണേഴ്‌സ് താരം പറഞ്ഞത്.
‘ലോകകപ്പില്‍ അവന്‍ (ലയണല്‍ മെസി) തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അവന്റെ കരിയറിലെ ഐസിങ് ഓണ്‍ ദി കേക്ക് എന്ന് പറയാന്‍ സാധിക്കുന്ന തരത്തിലായിരുന്നു മെസി ലോകകപ്പില്‍ പന്ത് തട്ടിയത്,’ റേ പറഞ്ഞു.
ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന കപ്പുയര്‍ത്തിയത്. ഖത്തറില്‍ കിരീടം നിലനിര്‍ത്താമെന്ന മോഹവുമായി എത്തിയ ഫ്രാന്‍സിനെതിരെ അവസാന നിമിഷം വരെ പൊരുതിയാണ് മെസിയും സംഘവും അര്‍ജന്റീനയുടെ ചരിത്രത്തിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്.
ലോകകപ്പിന് മുമ്പ് മറ്റ് രണ്ട് കിരീടങ്ങള്‍ കൂടി മെസി അര്‍ജന്റീനക്ക് നേടിക്കൊടുത്തിരുന്നു. കോപ്പ അമേരിക്ക ഫൈനലില്‍ ചിര വൈരികളായ ബ്രസീലിനെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ച് ആല്‍ബിസെലസ്റ്റ്‌സ് കപ്പുയര്‍ത്തിയപ്പോള്‍ ഫൈനലിസീമയില്‍ യൂറോപ്പിന്റെ രാജാക്കന്‍മാരായി എത്തിയ അസൂറികളെ തോല്‍പിച്ചാണ് അര്‍ജന്റീന കിരീടമണിഞ്ഞത്.
ക്ലബ്ബ് ഫുട്‌ബോളിലും മെസി മോശമല്ലാത്ത പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും എഫ്.എ കപ്പുമടക്കം ക്വാഡ്രാപ്പിള്‍ കിരീടം നേടിക്കൊടുത്ത എര്‍ലിങ് ഹാലണ്ടാണ് ബാലണ്‍ ഡി ഓറിനായുള്ള റേസില്‍ മെസിക്കൊപ്പമോടുന്നത്.
ലയണല്‍ മെസി തന്റെ കരിയറിലെ എട്ടാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുമോ അതോ എര്‍ലിങ് ഹാലണ്ട് യുഗത്തിന്റെ ആരംഭത്തിന് ബാലണ്‍ ഡി ഓര്‍ വേദി സാക്ഷിയാകുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്.
Content highlight: Former Arsenel midfielder Ray Parlour says Messi will win Ballon d Or