'മെസി ഒരിക്കലും ഒരു നല്ല ലീഡറല്ല, അക്കാര്യത്തില്‍ അവന്‍ റൊണാള്‍ഡോയുമല്ല'
Sports News
'മെസി ഒരിക്കലും ഒരു നല്ല ലീഡറല്ല, അക്കാര്യത്തില്‍ അവന്‍ റൊണാള്‍ഡോയുമല്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th February 2023, 10:37 pm

ഫുട്‌ബോള്‍ ലോകത്ത് ഇന്നും തീര്‍പ്പുകല്‍പ്പിക്കാനാകാതെ അനന്തമായി നീണ്ടുപോകുന്ന ചര്‍ച്ചയാണ് മെസിയാണോ റൊണാള്‍ഡോയാണോ ഏറ്റവും മികച്ച കളിക്കാരന്‍ എന്നത്. ഒരു പ്രൊഫഷണല്‍ ഫുട്‌ബോളര്‍ക്ക് തന്റെ കരിയറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഈ ചോദ്യം നേരിടേണ്ടതായും വന്നിരിക്കും. ഫുട്‌ബോള്‍ ലെജന്‍ഡുകളും താരങ്ങളുമെല്ലാം തന്നെ ഈ ചര്‍ച്ചയില്‍ ഇപ്പോഴും രണ്ട് തട്ടിലാണ്.

ഈ വിഷയത്തില്‍ ആഴ്‌സണലിന്റെ ഇതിഹാസ താരവും 1998 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ അംഗവുമായ ഇമ്മാനുവല്‍ പെറ്റിറ്റിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്.

2018 ഫിഫ ലോകകപ്പിനിടെ പെറ്റിറ്റ് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 2018 ലോകകപ്പില്‍ മോശം പ്രകടനമായിരുന്നു മെസിയും അര്‍ജന്റീനയും പുറത്തെടുത്തത്.

നാല് മത്സരത്തില്‍ നിന്നും ഒറ്റ ഗോള്‍ മാത്രമായിരുന്നു മെസിയുടെ സമ്പാദ്യം. റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ ഫ്രാന്‍സിനോട് തോറ്റായിരുന്നു അര്‍ജന്റീനയുടെ മടക്കം.

അന്ന് പോര്‍ച്ചുഗലും റൗണ്ട് ഓഫ് സിക്‌സ്റ്റീനില്‍ പുറത്തായിരുന്നു. എന്നാല്‍ സ്‌പെയ്‌നിനെതിരെ കുറിച്ച ഹാട്രിക്കടക്കം മെസിയിക്കാള്‍ മികച്ച പ്രകടനം റൊണാള്‍ഡോ നടത്തിയിരുന്നു.

 

2018 ലോകകപ്പിലെ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു പെറ്റിറ്റ് മെസി vs റൊണാള്‍ഡോ തര്‍ക്കത്തില്‍ ഒരാളെ തെരഞ്ഞെടുത്തത്. പാഡി പവറുമായി നടത്തിയ സംഭാഷണത്തില്‍ റൊണാള്‍ഡോയെയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്.

മെസി ലോകത്തിലെ തന്നെ മികച്ച താരമാണെന്നും എന്നാല്‍ അദ്ദേഹം ഒരു നല്ല ലീഡര്‍ അല്ല എന്നുമായിരുന്നു പെറ്റിറ്റ് പറഞ്ഞത്.

‘അവന്‍ (ലയണല്‍ മെസി) ഒരു മികച്ച ലീഡറല്ല. അക്കാര്യത്തില്‍ അവന്‍ റൊണാള്‍ഡോയുമല്ല. മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, എന്നാല്‍ അവന്‍ ആ മനോഭാവം കാണിക്കേണ്ടതുണ്ട്. അവന്‍ ഉണരണം.

ബാഴ്‌സലോണയില്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ പോകുമ്പോള്‍ അവന്‍ തകര്‍പ്പന്‍ കളിക്കാരനാണ്. ചാമ്പ്യന്‍സ് ലീഗിലും നമ്മളത് കണ്ടതാണ്.

കാര്യങ്ങള്‍ അവന്റെ വഴിക്കല്ല എന്നാണെങ്കില്‍ പിച്ചില്‍ നിന്നും അവന്‍ അപ്രത്യക്ഷനാകുന്നു. അവന്‍ കളിക്കളത്തില്‍ ഇല്ലാത്ത അവസ്ഥയാണ്. അവന്‍ ഗ്രൗണ്ടില്‍ ഓടുകയല്ല, മറിച്ച് നടക്കുകയാണ്. കളിയില്‍ ശ്രദ്ധയില്ല, അവന്‍ പന്തിനെ കുറിച്ച് പോലും ആശങ്കപ്പെടുന്നില്ല,’ എന്നായിരുന്നു പെറ്റിറ്റ് പറഞ്ഞത്.

എന്നാല്‍ അടുത്ത ലോകകപ്പില്‍ പെറ്റിന്റെ ഈ വാക്കുകള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു അര്‍ജന്റീന കപ്പുയര്‍ത്തിയത്. ഏഴ് മത്സരത്തില്‍ നിന്നും ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി മെസി ടൂര്‍ണമെന്റില്‍ തിളങ്ങുകയും ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

 

 

 

Content Highlight: Former Arsenal star Emmanuel Petit about Messi and Ronaldo