| Wednesday, 9th August 2023, 1:41 pm

വളരെ വിചിത്രമായ സാഹചര്യം; നെയ്മര്‍ ആഴ്‌സണലിലേക്ക് വരട്ടെ: മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെങ്കിലും താരം ഈ സീസണില്‍ ക്ലബ്ബ് വിടുമെന്നാണ് സൂചന. വിഷയത്തില്‍ മുന്‍ ആഴ്സണല്‍ താരം ഗില്‍ബേര്‍ട്ടോ സില്‍വയുടെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. നെയ്മര്‍ ഒത്തിരി കഴിവുകള്‍ ഉള്ളയാളാണെന്നും പി.എസ്.ജിയില്‍ ഇങ്ങനെ കഴിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്മര്‍ ആഴ്സണലില്‍ കളിക്കണമെന്നും അവിടെ അദ്ദേഹത്തിന് കൂടുതല്‍ തിളങ്ങാനാകുമെന്നും സില്‍വ പറഞ്ഞു. കാസിനോ സൈറ്റിനോടായിരുന്നു സില്‍വയുടെ പ്രതികരണം.

‘നെയ്മറെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമായ സാഹചര്യത്തിലൂടെയാണ് പി.എസ്.ജി പൊയ്ക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടുമുന്നില്‍ പോയി പ്രശ്നമുണ്ടാക്കുക? എനിക്കതിനോട് ഒട്ടും യോജിക്കാന്‍ പറ്റുന്നില്ല. ആരാധകര്‍ക്ക് ഒരു കളിക്കാരന്റെയും വീട്ടില്‍ പോയി പ്രതിഷേധിക്കാനുള്ള അധികാരമില്ല.

എല്ലാവര്‍ക്കും നെയ്മറുടെ നിലവാരം അറിയാം. ഞാന്‍ അതിനെ പറ്റി സംസാരിക്കുന്നില്ല. എനിക്കദ്ദേഹത്തിന്റെ കളി ശൈലി ഇഷ്ടമാണ്. അദ്ദേഹം ആഴ്സണലിലേക്ക് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ഫുട്ബോളില്‍ ഇനിയുമൊരുപാട് കോണ്‍ട്രിബ്യൂട്ട് ചെയ്യാനുണ്ട്,’ സില്‍വ പറഞ്ഞു.

അദ്ദേഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പരിക്കുകളുടെ പ്രശ്നങ്ങള്‍ ജീവിതം കൂടുതല്‍ കഠിനമാക്കുന്നുണ്ടാകുമെന്നും പക്ഷെ ഫുട്ബോളില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ കഴിയുന്ന താരമാണ് നെയ്മറെന്നും സില്‍വ പറഞ്ഞു.

അതേസമയം, നെയമര്‍ തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യാനിരിക്കെ ക്ലബ്ബ് വിടുന്നതിനെ കുറിച്ച് താരം പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.എസ്.ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ കരാര്‍ തീരുന്നത് വരെ ക്ലബ്ബില്‍ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ്ബ് വിടണമെന്നാണ് ആഗ്രഹമെന്നും നെയ്മര്‍ പി.എസ്.ജിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കിലിയന്‍ എംബാപ്പെ പി.എസ്.ജിയില്‍ തുടരണമെങ്കില്‍ നെയ്മറെ പുറത്താക്കണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുടര്‍ന്നാണ് നെയ്മര്‍ പാരീസിയന്‍സുമായി പിരിയുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒസ്മാന്‍ ഡെംബെലയുടെ വിടവ് നികത്താനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തെ കറ്റാലന്മാര്‍ തിരികെയെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Former Arsenal player wants Neymar to sign with their club

Latest Stories

We use cookies to give you the best possible experience. Learn more