| Saturday, 2nd July 2022, 8:54 pm

'മെസിക്കൊപ്പം റൊണാള്‍ഡോയും പി.എസ്.ജിയില്‍'; വമ്പന്‍ നിരീക്ഷണവുമായി ആഴ്‌സണലിന്റെ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മെസിക്കൊപ്പം റൊണാള്‍ഡോയും പാരീസ് സെന്റ് ജെര്‍മെയ്‌നിലെത്തണമെന്ന് മുന്‍ ആഴ്‌സണല്‍ താരവും ഫുട്‌ബോള്‍ അനലിസ്റ്റുമായ പോള്‍ മേഴ്‌സണ്‍. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിട്ട് പി.എസ്.ജിയില്‍ ചേരണമെന്നാണ് മേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാനാണ് താരം തീരുമാനിക്കുന്നതെങ്കില്‍ അത് റൊണോയും ടീമും ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണെന്നും പി.എസ്.ജിയിലെത്തിയാല്‍ മെസി, എംബാപെ, നെയ്മര്‍ എന്നിവര്‍ക്കൊപ്പം കൂടുതല്‍ കിരീടം നേടാന്‍ താരത്തിനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി സാറ്റാറിലെ തന്റെ കോളത്തിലായിരുന്നു മേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.

‘റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് തന്റെ റൈവല്‍ മെസിക്കൊപ്പം പി.എസ്.ജിയിലെത്തി സ്വപ്‌നതുല്യമായ ഒരു ടീം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. കാരണം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടാതെ എറിക് ടെന്‍ ഹാഗിന്റെ വിപ്ലവം സാധ്യമാകില്ല എന്നാണ് ഞാന്‍ കരുതുന്നത്,’ മേഴ്‌സണ്‍ പറഞ്ഞു.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ താരത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എതിരാളികളായി വളരെക്കാലം ഏറ്റുമുട്ടിയവര്‍ ഒരേ ടീമില്‍ കളിച്ച് കരിയര്‍ അവസാനിപ്പിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓള്‍ഡ് ട്രാഫോര്‍ഡില്‍ കിരീടമൊന്നും തന്നെ നേടാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് സാധിക്കുന്നില്ല. പിന്നെന്തിനാണ് അവന്‍ അവിടെ നില്‍ക്കുന്നത്. റൊണാള്‍ഡോയ്ക്ക് ബിഗ് പ്രൈസുകള്‍ നേടാന്‍ ഇനി അധിക വര്‍ഷങ്ങളുമില്ല.

അവന്‍ മെസിക്കൊപ്പം പി.എസ്.ജിയില്‍ കളിക്കുന്നത് ഒന്ന് സങ്കല്‍പിച്ച് നോക്കൂ. അവര്‍ ഏറെ കാലം എതിരാളികളായി പരസ്പരം കളിച്ചു. അവര്‍ ഒരേ ടീമില്‍ കളിച്ചുകൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്നത് കാണുന്നത് തന്നെ രസമായിരിക്കും,’ മേഴ്‌സണ്‍ പറഞ്ഞു.

മറ്റേത് ക്ലബ്ബിനേക്കാളും റൊണാള്‍ഡോയെ സംബന്ധിച്ച് പി.എസ്.ജിയാണ് ഏറ്റവും മികച്ച ഓപ്ഷനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍ തുടരും. താരം ക്ലബ്ബ് വിടുമെന്ന് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വരുന്നതിനിടെയാണ് നെയ്മര്‍ പി.എസ്.ജിയുമായി രണ്ട് വര്‍ഷത്തേക്ക് കൂടി കരാറിലെത്തിയത്.

മെസി, നെയ്മര്‍, എംബാപെ ത്രയം ടീമിനൊപ്പമുള്ളതിനാല്‍ ഇനിയും സൂപ്പര്‍ താരങ്ങളെ തങ്ങള്‍ക്കൊപ്പമെത്തിക്കാന്‍ പി.എസ്.ജി തയ്യാറാവുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കിരീട സാധ്യതയില്ലാത്തതിനാല്‍ റൊണാള്‍ഡോ ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്നുണ്ടെന്ന് നിലവില്‍ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പി.എസ്.ജി അദ്ദേഹത്തെ സ്വന്തമാക്കാനുള്ള സാധ്യത നന്നേ കുറവാണ്.

Content highlight: Former Arsenal player Paul Merson says Cristiano Ronaldo should join PSG and play along with Messi

We use cookies to give you the best possible experience. Learn more