| Tuesday, 31st July 2018, 8:31 am

അസം പൗരത്വ നിര്‍ണയം; 30 വര്‍ഷം അതിര്‍ത്തി കാത്ത സൈനികനെ പട്ടികയില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: 30 വര്‍ഷം രാജ്യത്തിന്റെ അതിര്‍ത്തി കാത്ത സൈനികനും അസമില്‍ ഇന്നലെ പുറത്തിറക്കിയ പൗരത്വ പട്ടികയില്‍നിന്നും പുറത്ത്. അസം സ്വദേശിയായ മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അനധികൃത കുടിയേറ്റ ട്രിബ്യൂണലില്‍ ഉള്‍പ്പെടുത്തിയത്. ഇതുപ്രകാരം ഹഖ് 1972 മാര്‍ച്ച് 21നുശേഷമാണ് ഇന്ത്യയിലെത്തിയതെന്നാണ് രേഖകള്‍ പറഞ്ഞുവെക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോറിന്‍ ട്രിബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ സൈന്യത്തില്‍ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തേതും അന്തിമവുമായ കരട് പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. “സംശയിക്കപ്പെടുന്ന വോട്ടര്‍” എന്ന വിഭാഗത്തിലാണ് അസമിലെ അനധികൃത കുടിയേറ്റ ട്രിബ്യൂണല്‍ ഹഖിനെ ഉള്‍പ്പെടുത്തിയത്.

ALSO READ: ‘രാജ്യത്തുള്ളവരെ അഭയാര്‍ത്ഥികളാക്കാനുള്ള നീക്കം’ ; 40 ലക്ഷം പേരെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ മമതാ ബാനര്‍ജി

എന്നാല്‍ താന്‍ അസമീസ് വംശജനാണെന്നും തന്റെ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും അദ്ദേഹം ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. 1966ലെ വോട്ടര്‍പട്ടികയില്‍ തന്റെ പിതാവിന്റെ പേരുള്‍പ്പെട്ടതും 1951ലെ പൗരത്വപ്പട്ടികയില്‍ മാതാവിന്റെ പേരുള്‍പ്പെട്ടതും ഹഖ് ചൂണ്ടിക്കാട്ടിയിരുന്നു.

2012ല്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രേഖകള്‍ സമര്‍പ്പിച്ചതും ഇന്ത്യന്‍ പൗരത്വം തെളിയിക്കപ്പെട്ടതുമായിരുന്നു. തന്നെ ഇത്തരത്തില്‍ അപമാനിക്കുന്നതിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും ഹഖ് ആവശ്യപ്പെട്ടിരുന്നു.

ALSO READ: അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍; പദവിയിലെത്തുന്നത് രണ്ടാം തവണ

“”ആറു മാസത്തെ പരിശീലനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ ഞാന്‍ കരസേന സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ആ തീരുമാനം വിഷമകരമാണ്”” -ഹഖ് പറഞ്ഞു.

കരസേനയുടെ കമ്പ്യൂട്ടര്‍, നെറ്റ്‌വര്‍ക്കിങ് സംഘങ്ങളിലാണ് സര്‍വീസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനുള്ള രേഖകളെല്ലാം ഓണ്‍ലൈനായിതന്നെ ലഭ്യമായിരിക്കെയാണ് ഹഖ് പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായത്.

ഇന്നലെയാണ് എന്‍.ആര്‍.സി രണ്ടാം കരട് പുറത്തിറക്കിയിരുന്നത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടിയാണ് ഇന്ത്യന്‍ പൗരന്മാരായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്.

ALSO READ: ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡയറക്ടര്‍

അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.

1951ലാണ് ആദ്യമായി എന്‍.ആര്‍.സി തയ്യാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂര്‍വ്വികരോ 1951ലെ ലിസ്റ്റിലോ അതല്ലെങ്കില്‍ കട്ട് ഓഫ് ഡേറ്റിന് ഇടയിലുള്ള ഏതെങ്കിലും വോട്ടര്‍ലിസ്റ്റിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more