| Sunday, 13th October 2024, 10:25 pm

ഈ സീസണില്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ മറ്റാരേക്കാളും അര്‍ഹന്‍ അവനാണ്; മുന്‍ അര്‍ജന്റൈന്‍ താരം ജര്‍മ്മന്‍ ഡെനിസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകത്തെ ഐതിഹാസികമായ നേട്ടമാണ് ബാലണ്‍ ഡി ഓര്‍. 2024ല്‍ ഈ നേട്ടത്തിന് അര്‍ഹനയാ താരത്തെ തെരഞ്ഞെടുക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ താരം ജര്‍മ്മന്‍ ഡെനിസ്. നിലവില്‍ 30 പേര്‍ അടങ്ങുന്ന ചുരുക്കപ്പട്ടികയിലുള്ള ലൗട്ടാരോ മാര്‍ട്ടിനെസിനെയാണ് താരം തെരഞ്ഞെടുത്തത്. അര്‍ജന്റീനയുടെ മികച്ച താരമായ ലൗട്ടോരോ നിലവില്‍ ക്ലബ്ബ് തലത്തില്‍ ഇന്റര്‍ മിലാന് വേണ്ടിയാണ് കളിക്കുന്നത്.

സീസണിലെ മികച്ച നേട്ടങ്ങള്‍ കൊണ്ട് ലൗട്ടാരോ 2024 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്നാണ് മുന്‍ അര്‍ജന്റൈന്‍ താരമായ ഡെനിസ് വിശ്വസിക്കുന്നത്. ഇതിനെക്കുറിച്ച് ഫുട്‌ബോള്‍ ഇറ്റാലിയയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.

‘ഈ സീസണില്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ മറ്റെല്ലാവരെക്കാളും ലൗട്ടാരോ മാര്‍ട്ടിനെസ് അര്‍ഹനാണ്, കാരണം അവന്‍ ധാരാളം സ്‌കോര്‍ ചെയ്യുകയും തന്റെ എല്ലാ ലക്ഷ്യങ്ങളും നേടുകയും ചെയ്തു.’ മുന്‍ അര്‍ജന്റൈന്‍ താരം പറഞ്ഞു.

29 ഗോളുകളാണ് താരം നിലവില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി നേടിയത്. അതില്‍ എട്ടെണ്ണം 2024ല്‍ ആണ് താരം സ്വന്തമാക്കിയത്. 2024 കോപ്പ അമേരിക്കയില്‍ ആറ് മത്സരത്തില്‍ നിന്ന് അഞ്ച് ഗോളും ലൗട്ടാരോ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഇന്റര്‍ മിലാന് നായകന്‍ ലൗട്ടാരോ 2024 – 2025 സീസണില്‍ എട്ട് മത്സരത്തില്‍ മൂന്ന് ഗോളാണ് നേടിയത്. മൊത്തം 132 ഗോളുകള്‍ ക്ലബ്ബിന് വേണ്ടി താരത്തിന് നേടാന്‍ സാധിച്ചു.

നിലവില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന വിനീഷ്യസ് ജൂനിയറും ഡാനി കാര്‍വാജലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയും മികച്ച ഫോമില്‍ നില്‍ക്കുന്ന യുവ താരങ്ങളാണ്. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിന്റെ 30 പേരുടെ ചുരുക്കപട്ടികയില്‍ ഇടം നേടാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

മാത്രമല്ല റയലിന്റെ ജൂഡ് ബെല്ലിങ്ഹാമും കിലിയന്‍ എംബാപ്പെയും അന്റോണിയോ റൂഡിഗറും ഫെഡറിക്കോ വാല്‍വര്‍ഡെയും പട്ടികയില്‍ ഉണ്ട്. ഇതോടെ ആര്‍ക്കാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ എന്നത് അറിയാന്‍ ആവേശത്തിലാണ് ഫുട്‌ബോള്‍ ലോകം.

Content Highlight: Former Argentine Star German Denis Talking About Lautaro Martinez

We use cookies to give you the best possible experience. Learn more