| Saturday, 17th December 2022, 12:29 pm

അവന്‍ ഇലക്ട്രിക് പ്ലെയറാണ്, ആദ്യ ഇലവനില്‍ അവന്‍ ഉണ്ടായേ പറ്റൂ; ഫൈനലില്‍ സൂപ്പര്‍ താരത്തെ ഉള്‍പ്പെടുത്താന്‍ മുന്‍ അര്‍ജന്റൈന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിലേക്കാണ് കായിക ലോകം ഒന്നടങ്കം കണ്ണുനട്ട് കാത്തിരിക്കുന്നത്. ഇനിയുള്ള നാല് വര്‍ഷക്കാലം ലോക ഫുട്‌ബോളിന്റെ കിരീടം തലയില്‍ ചൂടാനൊരുങ്ങുന്നത് ആരെന്നും ഡിസംബര്‍ 18ന് അറിയാന്‍ സാധിക്കും.

2014ല്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാന്‍ അര്‍ജന്റീനയും ഇറ്റലിക്കും ബ്രസീലിനും ശേഷം കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സും ഇറങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

ഫൈനല്‍ മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ താരം പാബ്ലോ സബേലേറ്റ.

ഡി മരിയ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പിലുണ്ടാകണമെന്നും താരം ടീമിലുണ്ടെങ്കില്‍ അതൊരു എക്‌സ്ട്ര സ്പാര്‍ക്ക് ടീമിന് നല്‍കുമെന്നും സബേലേറ്റ പറയുന്നു.

‘ഡി മരിയ നൂറ് ശതമാനവും ഫിറ്റാണെങ്കില്‍ അവന്‍ ടീമിലുണ്ടാകണം. അവനൊരു ഇലക്ട്രിക് പ്ലെയറാണ്,’ താരം പറയുന്നു.

അര്‍ജന്റീന കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും ഡി മരിയ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു.

അര്‍ജന്റീനയുടെ സമീപ കാല ഫൈനല്‍ മത്സരങ്ങളിലെല്ലാം തന്നെ ഡി മരിയ സ്‌കോര്‍ ചെയ്തിരുന്നു. ആര്‍ച്ച് റൈവല്‍സായ ബ്രസീലിനെതിരെ നടന്ന കോപ്പാ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ ഡി മരിയയുടെ ഗോളായിരുന്നു അര്‍ജന്റീനക്ക് തുണയായത്.

മത്സരത്തിന്റെ 22ാം മിനിട്ടില്‍ ഡി മരിയ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കോപ്പാ അമേരിക്ക ജയിച്ചുകയറിയത്.

ഇതിന് പുറമെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ ഫൈനലിസിമയില്‍ തകര്‍ത്തപ്പോളും അതിലൊരു ഗോള്‍ ഡി മരിയയുടേതായിരുന്നു.

എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീന ഇറ്റലിയെ തകര്‍ത്തുവിട്ടത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലാണ്
ഡി മരിയ വലകുലുക്കിയത്. ഡി മരിയക്ക് പുറമെ ലൗറാറ്റോ മാര്‍ട്ടീനസും പൗലോ ഡിബാലയുമായിരുന്നു മെസിപ്പടയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിലും ഡി മരിയ മാലാഖയായി അര്‍ജന്റീനയെ രക്ഷിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Former Argentina star Pablo Zabeleta says Angel Di Maria should be there on Argentina’s starting line up

We use cookies to give you the best possible experience. Learn more