ലോകകപ്പ് നേടിയാല്‍ ഞങ്ങള്‍ മെസിയെ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കും: മുന്‍ അര്‍ജന്റീന പ്രസിഡന്റ്
2022 Qatar World Cup
ലോകകപ്പ് നേടിയാല്‍ ഞങ്ങള്‍ മെസിയെ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കും: മുന്‍ അര്‍ജന്റീന പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th December 2022, 11:59 pm

2022 ഫിഫ ലോകകപ്പില്‍ അര്‍ജന്റീന കീരീടം നേടിയാല്‍ ലയണല്‍ മെസിയെ രാജ്യത്തിന്റെ പ്രസിഡന്റായി തെഞ്ഞെടുക്കപ്പെടുമെന്ന് മുന്‍ അര്‍ജന്റീന പ്രസിഡന്റ് മൗറിസിയോ മാക്രി. നിലവല്‍ ദോഹയിലുള്ള 80 ആളുകളും മെസിയിലൂടെ അര്‍ജന്റീന ലോക ചാമ്പ്യനാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഈ ഘട്ടത്തില്‍ സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു മൗറിസിയോ മാക്രി ഇക്കാര്യം പറഞ്ഞത്.

‘അതെ, ലോകകപ്പ് നേടിയാല്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ(മെസിയെ) പ്രസിഡന്റായി തെരഞ്ഞെടുക്കും,(ചിരിക്കുന്നു). നിലവില്‍ അര്‍ജന്റീന കിരീടം നേടാനുള്ള കാലാവസ്ഥ അനുകൂലമാണ്. കോച്ച് ലയണല്‍ സ്‌കലോനിയുടെ നേതൃത്വത്തല്‍ ടീം സജ്ജരാണ്,’ മൗറിസിയോ മാക്രി പറഞ്ഞു.

അതേസമയം, ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ടങ്കിലും പിന്നീടുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തുടര്‍ന്ന് പ്രീക്വാര്‍ട്ടറിലും ആധികാരിക വിജയം നേടിയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുള്ളത്.

ഡിസംബര്‍ ഒമ്പതിനാണ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടം ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാമത് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ഹോളണ്ടിനെയാണ് നേരിടുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണിത്.

2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല. അന്ന് ഏറ്റുമുട്ടിയതാകട്ടെ ലോകകപ്പിന്റെ സെമി ഫൈനലിലും.

2010ല്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ സ്പെയ്നിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാന്‍ ഒരുങ്ങിയെത്തിയ ഹോളണ്ടിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് അര്‍ജന്റീനയായിരുന്നു.

2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്.

Content Highlight: Former Argentina president Mauricio Macri has said  Lionel Messi will be elected as the country’s president if Argentina wins the 2022 FIFA World Cup