മെസിയും മറഡോണയുമല്ല, അദ്ദേഹമാണ് ലോകത്തിലെ മികച്ച താരം: മുൻ അർജന്റൈൻ താരം
Football
മെസിയും മറഡോണയുമല്ല, അദ്ദേഹമാണ് ലോകത്തിലെ മികച്ച താരം: മുൻ അർജന്റൈൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th August 2024, 6:35 pm

അര്‍ജന്റീനന്‍ ഇതിഹാസതാരങ്ങളായ ലയണല്‍ മെസി, ഡീഗോ മറഡോണ എന്നിവരില്‍ ഏറ്റവും മികച്ച താരമാരാണെന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴുള്ള മുന്‍ അര്‍ജന്റൈന്‍ താരവും പരിശീലകനുമായ റെയ്നാല്‍ഡോ മെര്‍ലോയുടെ പ്രതികരണമാണിപ്പോള്‍ശ്രദ്ധ നേടുന്നത്.

ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി ബ്രസീലിയന്‍ ഇതിഹാസം പെലെയാണെന്നാണ് റെയ്നാല്‍ഡോ തെരഞ്ഞെടുത്തത്. റേഡിയോ ലാ റെഡിലെ ഒരു സെക്ഷനിലൂടെ പ്രതികരിക്കുകയായിരുന്നു മെര്‍ലോ.

‘മെസിയും മറഡോണയും രണ്ട് പ്രതിഭാസങ്ങളാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച താരം പെലെയാണ്,’ റെയ്‌നാല്‍ഡോ പറഞ്ഞു.

തന്റെ പതിനാറാം വയസ്സില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ടീമില്‍ അരങ്ങേറിയ പെലെ ഐതിഹാസിക നേട്ടങ്ങളാണ് തന്റെ കരിയറില്‍ നേടിയെടുത്തിട്ടുള്ളത്. ബ്രസീലിനൊപ്പം മൂന്ന് ലോകകപ്പുകളാണ് പെലെ സ്വന്തമാക്കിയിട്ടുള്ളത്.

1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളാണ് പെലെ ബ്രസീലിനൊപ്പം നേടിയത്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ 92 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പെലെ 71 തവണയാണ് എതിരാളികളുടെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്.

അതേസമയം മറഡോണയും ഫുട്ബോളിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ്. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുടെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് മറഡോണ. 257 ഗോളുകളാണ് ഇറ്റാലിയന്‍ വമ്പന്മാര്‍ക്ക് വേണ്ടി മറഡോണ അടിച്ചുകൂട്ടിയത്.

1987-88 സിരി എ സീസണില്‍ നാപ്പോളിക്ക് വേണ്ടി 15 ഗോളുകള്‍ നേടിക്കൊണ്ട് ടോപ് സ്‌കോറര്‍ ആവാനും മറഡോണക്ക് സാധിച്ചിട്ടുണ്ട്. നാപ്പോളിക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങള്‍, കോപ്പ ഇറ്റാലിയ, യുവേഫ കപ്പ്, സൂപ്പര്‍കോപ്പ ഇറ്റാലിയ എന്ന കിരീടങ്ങളും മറഡോണ നേടിയിട്ടുണ്ട്.

രാജ്യാന്തരതലത്തിൽ അര്‍ജന്റീനക്കായി 91 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മറഡോണ 34 ഗോളുകളാണ് നേടിയിട്ടുള്ളത്. 1986ലെ മെക്സിക്കന്‍ ലോകകപ്പില്‍ അര്‍ജന്റീനയും വിജയത്തില്‍ എത്തിക്കാനും മറഡോണയ്ക്ക് സാധിച്ചിരുന്നു. ആ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് നേടിയത് മറഡോണ ആയിരുന്നു.

മെസിയും ഫുട്‌ബോളില്‍ ഐതിഹാസികമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

 

Content Highlight: Former Argentina player talks his Favorite Footballer in The World