| Wednesday, 28th December 2022, 9:34 am

മെസി മികച്ചവനായിരുന്നു, എന്നാല്‍ അതിനേക്കാള്‍ മികച്ചത് എംബാപ്പെ, ഇത് പറഞ്ഞാല്‍ അവര്‍ എന്നെ അര്‍ജന്റീന വിരുദ്ധനാക്കും, പക്ഷേ ഞാന്‍ ഉള്ളത് പറയും: മുന്‍ അര്‍ജന്റീന താരം

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ ലോകകപ്പ് ഒരിക്കല്‍ക്കൂടി അര്‍ജന്റൈന്‍ മണ്ണിലേക്കെത്തിയ വര്‍ഷമായിരുന്നു 2022. 1986 മറഡോണക്ക് ശേഷം ലയണല്‍ മെസിയിലൂടെ അര്‍ജന്റീന വിശ്വവിജയികളായി. ലാറ്റിനമേരിക്കന്‍ കരുത്തരുടെ മൂന്നാം ലോകകിരീടമായിരുന്നു ഖത്തറില്‍ വെച്ച് ശിരസില്‍ അണിഞ്ഞത്.

ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഷൂട്ട് ഔട്ടില്‍ തോല്‍പിച്ചതോടെയാണ് അര്‍ജന്റീന ചാമ്പ്യന്‍മാരായത്. ഫൈനലില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3-3 എന്ന സ്‌കോറില്‍ സമനില പാലിക്കുകയായിരുന്നു.

മെസിയുടെ ഇരട്ട ഗോളും ഡി മരിയയുടെ ഗോളും അര്‍ജന്റീനക്ക് തുണയായപ്പോള്‍ കിലിയന്‍ എംബാപ്പെയായിരുന്നു ഫ്രാന്‍സിന് വേണ്ടി മൂന്ന് ഗോളും സ്വന്തമാക്കിയത്.

മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ലോകകപ്പുയര്‍ത്തിയപ്പോള്‍ എംബാപ്പെക്ക് ഗോള്‍ഡന്‍ ബൂട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ലോകകപ്പ് നേട്ടത്തിന് പിന്നാലെ മെസി മറഡോണക്കൊപ്പമെത്തി എന്ന ചര്‍ച്ചകളും ഫുട്‌ബോള്‍ ലോകത്ത് സജീവമായിരുന്നു. വിഷയത്തില്‍ മുന്‍ അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ ഹ്യൂഗോ ‘എല്‍ ലോക്കോ’ ഗാട്ടിയും തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷം അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

മെസിക്ക് ഒരിക്കലും പെലെയെ മറികടക്കാനാവില്ലെന്നും അര്‍ജന്റീനയിലെ എക്കാലത്തേയും മികച്ച താരം മറഡോണയാണെന്നുമായിരുന്നു ഗാട്ടി പറഞ്ഞത്.

എല്‍ ചിരിംഗ്വിറ്റോ എന്ന ടോക് ഷോയിലായിരുന്നു അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

‘ആദ്യം തന്നെ പറയട്ടെ, ആര്‍ക്കും പെലെയെ മറികടക്കാന്‍ സാധിക്കില്ല. ഇവിടെ അര്‍ജന്റീനയില്‍ ഒരാള്‍ക്കും മറഡോണയെയും കവച്ചുവെക്കാന്‍ സാധിക്കില്ല. ഞാന്‍ പറയുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല, എന്നാല്‍ ഞാന്‍ പറയുന്നത് എന്റെ ശരികളാണ്. ഇതിന് കാരണം എങ്ങനെ ഞാന്‍ ഫുട്‌ബോളിന് വേണ്ടി ജീവിച്ചു, എങ്ങനെ ഞാന്‍ ഫുട്‌ബോള്‍ കളിച്ചു, എങ്ങനെ ഞാനിപ്പോള്‍ അതിനെ കാണുന്നു എന്നതുതന്നെയാണ്,’ അദ്ദഹം പറഞ്ഞു.

ലോകകപ്പ് നേടിയെങ്കിലും എംബാപ്പെയാണ് മെസിയേക്കാള്‍ മികച്ച താരമെന്നാണ് തന്റെ അഭിപ്രായമെന്നും ഗാട്ടി പറഞ്ഞു.

‘ശരിയാണ്, മെസി ലോകകപ്പില്‍ നന്നായി കളിച്ചു. എന്നാല്‍ എന്നെ സംബന്ധിച്ച് കിലിയന്‍ എംബാപ്പെയാണ് ലോകത്തിലെ മികച്ച താരം. മെസിയേക്കാള്‍ ഏറെ പൊട്ടെന്‍ഷ്യല്‍ അവനുണ്ട്. അവര്‍ എന്നെ അര്‍ജന്റീന വിരുദ്ധന്‍ എന്ന് വിളിക്കുമായിരിക്കും. ഞാന്‍ എന്താണോ കാണുന്നത് അതുമാത്രമാണ് പറയുന്നത്,’ ഗാട്ടി കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ‘അപഹാസ്യകരം’ എന്നായിരുന്നു ഒരു പ്രമുഖ അര്‍ജന്റൈന്‍ പത്രം അദ്ദേഹത്തിന്റെ വാക്കുകളെ വിശേഷിപ്പിച്ചത്.

2022ലെ മികച്ച ഫുട്‌ബോളറെ കണ്ടെത്താനുള്ള ഐ.എഫ്.എഫ്.എച്ച്.എസ് അവാര്‍ഡിന്റെ അന്തിമ പട്ടിക പുറത്തുവിട്ടതോടെയാണ് ഗാട്ടിയുടെ ഈ പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.

1988 മുതലാണ് ലോകത്തിലെ ഒരു വര്‍ഷത്തെ മികച്ച പ്രകടനം നടത്തുന്ന പുരുഷ, വനിതാ താരങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കുമടക്കം നല്‍കുന്ന ഈ പുരസ്‌കാരം നിലവില്‍ വന്നത്. 2020ല്‍ ലെവന്‍ഡോവ്‌സ്‌കി ആണ് പ്രസ്തുത പുരസ്‌കാരത്തിന് അര്‍ഹനായത്.

ചരിത്രത്തില്‍ അഞ്ച് തവണ മാത്രം നല്കപ്പെട്ട ഈ അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളുടെ സാധ്യത പട്ടികയാണ് ഐ. എഫ്.എഫ്.എച്ച്.എസ് പുറത്ത് വിട്ടിരിക്കുന്നത്.

ഇരുപത് താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ക്ക് സാധിച്ചിട്ടില്ല.

കൂടാതെ പുരസ്‌കാരത്തിന് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നാല് താരങ്ങളുടെ ചുരുക്ക പട്ടികയും ഇവര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരീം ബെന്‍സെമ, ലൂക്കാ മോഡ്രിച്ച്, കിലിയന്‍ എംബാപ്പെ, മെസി മുതലായവരാണ് ഈ നാല് താരങ്ങള്‍. പുരസ്‌കാരത്തിനായി മെസിയും എംബാപ്പെയും തമ്മിലായിരിക്കും കടുത്ത പോരാട്ടം നടക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Former Argentina goalkeeper says Mbappe is better than Messi

Latest Stories

We use cookies to give you the best possible experience. Learn more