ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്റീന വിശ്വവിജയികളായത്. 1986ന് ശേഷം ഇതാദ്യമായാണ് ലോകകിരീടം അര്‍ജന്റൈന്‍ മണ്ണിലെത്തുന്നത്. 20 വര്‍ഷം നീണ്ടുനിന്ന യൂറോപ്യന്‍ ആധിപത്യത്തിന് കൂടിയായിരുന്നു ലയണല്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ തടയിട്ടത്.
ലോകകപ്പ് നേടുക മാത്രമല്ല നിരവധി ലോക റെക്കോഡുകള്‍ മെസി സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ അര്‍ജന്റീനക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചതുമുതല്‍ ഏറ്റവുമധികം ഗോള്‍ നേടിയതുവരെ എത്തിനില്‍ക്കുന്നതാണ് മെസിയുടെ നേട്ടങ്ങളുടെ പട്ടിക.
എന്നാല്‍ ലോകകപ്പ് നേടിയെങ്കിലും അതൊരിക്കലും മറഡോണയുടെ നേട്ടത്തേക്കാള്‍ മുകളിലല്ല എന്ന് പറയുകയാണ് മുന്‍ അര്‍ജന്റൈന്‍ നായകന്‍ ഹാവിയര്‍ സനേട്ടി. മെസി ഒരിക്കലും മറഡോണയെ മറികടന്നിട്ടില്ലെന്നും അത്തരം താരതമ്യങ്ങള്‍ തനിക്കിഷ്ടമല്ലെന്നും ഇന്റര്‍ മിലാന്‍ ലെജന്‍ഡ് പറഞ്ഞു.
സ്റ്റാറ്റ്‌സ് പെര്‍ഫോമിന് നല്‍കിയ അഭിമുഖത്തില്‍ മെസി മറഡോണയെ മറികടന്നോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു സനേട്ടി.
‘ഇല്ല, എന്നെ സംബന്ധിച്ച് ഒരിക്കലുമില്ല. എനിക്ക് ഇത്തരത്തിലുള്ള താരതമ്യങ്ങളൊന്നും തന്നെ ഇഷ്ടമല്ല. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ അര്‍ജന്റീനക്കാരാണെന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു.
മെസിക്ക് മാറ്റം സംഭവിച്ചു എന്ന് എനിക്ക് തോന്നുന്നില്ല. അവന്‍ കൂടുതല്‍ പക്വതയുള്ളവനായി എന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റി ടീമിലെ മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കുന്നതായും എനിക്ക് തോന്നി,’ സനേട്ടി പറഞ്ഞു.
36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കപ്പുയര്‍ത്തിയതിനെ കുറിച്ചും സനേട്ടി പറഞ്ഞു.
‘ഞങ്ങള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു വികാരമാണ് കുട്ടികള്‍ ഞങ്ങള്‍ക്ക് തന്നത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അര്‍ജന്റൈന്‍ ആരാധകരുടെ സ്വപ്‌നമാണ് അവര്‍ സാക്ഷാത്കരിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. വളരെ മികച്ചൊരു ഫൈനലായിരുന്നു അത്. ഫ്രാന്‍സും മികച്ച പ്രകടനം കാഴ്ചവെച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1986ല്‍ മറഡോണയുടെ നേതൃത്വത്തില്‍ ലോകകപ്പ് ഉയര്‍ത്തി നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നത്.
ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ മെസി രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ ലോകകപ്പിലെ തന്റെ രണ്ടാം ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസി ഖത്തറില്‍ നിന്നും സ്വന്തമാക്കി. ഖത്തറില്‍ നേടിയ ഏഴ് ഗോളുകള്‍ ഉള്‍പ്പെടെ മൊത്തം അഞ്ച് ലോകകപ്പുകളില്‍ നിന്നും 12 ഗോളുകളാണ് താരം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
ലോകകപ്പ് വിജയിക്കാന്‍ സാധിച്ചതോടെ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ല്‍ ലാറ്റിനമേരിക്കയില്‍ കിരീടമെത്തിച്ചത്.
Content Highlight: Former Argentina captain Javier Zanetti about Messi and Maradona