ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്; നടപടി ടി.ഡി.പി എം.എല്‍.എയുടെ പരാതിയില്‍
national news
ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്; നടപടി ടി.ഡി.പി എം.എല്‍.എയുടെ പരാതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 5:04 pm

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍.സി.പി അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡിക്കെതിരെ വധശ്രമത്തിന് കേസ്. ടി.ഡി.പി എം.എല്‍.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് നടപടി. ജഗന്‍ റെഡ്ഡിയെ കൂടാതെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍, രണ്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലിരിക്കെ മര്‍ദനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഐ.പി.സി സെക്ഷന്‍ 120 ബി, 166, 167, 197, 307, 326, 465, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം പഴക്കമുള്ള കേസ് ആയതിനാലാണ് ഐ.പി.സി പ്രകാരം കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

2021 മെയില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് രഘുരാമ കൃഷ്ണ അറസ്റ്റ് ചെയ്യപ്പെട്ടത്. തനിക്കെതിരായ സി.ബി-സി.ഐ.ഡി കേസ് നിയമവിരുദ്ധമാണെന്നും നിരപരാധിയായ തന്നെ പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചുവെന്നും രഘുരാമ കൃഷ്ണ പരാതിയില്‍ പറയുന്നു. അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യസ്ഥിതി പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് എം.എല്‍.എ പരാതിയില്‍ പറയുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥരായ പി.വി. സുനില്‍ കുമാര്‍, പി.എസ്.ആര്‍ സീതാരാമഞ്ജനേയുലു എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി. വിരമിച്ച ഉദ്യോഗസ്ഥരില്‍ പൊലീസ് ഉദ്യോഗസ്ഥനായ ആര്‍. വിജയ് പോളും ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി മുന്‍ സൂപ്രണ്ട് ജി. പ്രഭാവതിയും ഉള്‍പ്പെടുന്നു.

ഗുണ്ടൂരിലെ നഗരംപാലം പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ജഗന്‍ മോഹന്‍ റെഡ്ഡി അടക്കമുള്ളവര്‍ക്കെതിരെ ടി.ഡി.പി എം.എല്‍.എ പരാതി നല്‍കിയത്.

സംഭവം നടക്കുമ്പോള്‍ കേസ് ചുമത്തപ്പെട്ട സുനില്‍ കുമാര്‍ സി.ഐ.ഡിയുടെ തലവനും സീതാരാമഞ്ജനേയുലു ഇന്റലിജന്‍സ് വിഭാഗം മേധാവിയും പോള്‍ എ.എസ്.പി സി.ഐ.ഡിയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ രാജുവിനെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.

എന്നാല്‍ രഘുരാമ കൃഷ്ണയ്ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നായിരുന്നു ജി. പ്രഭാവതിയുടെ റിപ്പോര്‍ട്ട്. ഇതിനാലാണ് പൊലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ ജി. പ്രഭാവതിയുടെ പേരും ഉള്‍പ്പെടുത്താന്‍ കാരണമായത്.

Content Highlight: Former Andhra Pradesh CM Jagan Mohan Reddy booked in ‘attempt to murder’ case