| Tuesday, 26th October 2021, 9:22 am

ജോലി പോയതിന് പിന്നാലെ റോമില്‍ തെരുവിലിറങ്ങി എയര്‍ഹോസ്റ്റസുമാര്‍; ഫ്‌ളാഷ് മോബിനിടെ റോഡില്‍ മേല്‍വസ്ത്രമഴിച്ച് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: വ്യത്യസ്ത പ്രതിഷേധവുമായി തെരുവിലിറങ്ങി ഇറ്റലിയില്‍ ജോലി നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍. അല്‍ഇറ്റാലിയ എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ മേല്‍വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്.

റോമിലെ കാപ്പിറ്റോലിന്‍ ഹില്ലില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബിനിടെ അന്‍പതോളം എയര്‍ഹോസ്റ്റസുമാര്‍ ഒരേസമയം ഓവര്‍കോട്ടും ഷര്‍ട്ടും സ്‌കര്‍ട്ടും ഷൂസും അഴിക്കുകയായിരുന്നു. അല്‍ഇറ്റാലിയ കമ്പനിയ്ക്ക് പകരം വന്ന ഐ.ടി.എ എയര്‍വേയ്‌സിന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനായിരുന്നു റോഡിന് നടുവില്‍ നടത്തിയ ഈ പ്രതിഷേധം.

മുദ്രാവാക്യങ്ങള്‍ വിളിച്ചും എയര്‍ഹോസ്റ്റസുമാര്‍ എതിര്‍പ്പറിയിച്ചു. ‘വി ആര്‍ അല്‍ഇറ്റാലിയ’ എന്ന മുദ്രാവാക്യമാണ് വിളിച്ചത്.

ഏറെ നാളത്തെ പ്രതിസന്ധിയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു അല്‍ഇറ്റാലിയ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനിയെ ഏറ്റെടുത്തുകൊണ്ട് ഐ.ടി.എ (ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട്) എയര്‍വേയ്‌സ് ആണ് പകരം വന്നത്. 775 കോടി രൂപയ്ക്കായിരുന്നു അല്‍ഇറ്റാലിയയെ ഏറ്റെടുത്തത്.

അല്‍ഇറ്റാലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.ടി.എ എയര്‍വേയ്‌സ് ചെറിയ ഒരു കമ്പനിയാണ്. ഇതേത്തുടര്‍ന്ന് മുന്‍പ് അല്‍ഇറ്റാലിയയില്‍ ജോലി ചെയ്തിരുന്ന പല തൊഴിലാളികളേയും ഐ.ടി.എ പിരിച്ചുവിടുകയായിരുന്നു.


10000 ജോലിക്കാരാണ് അല്‍ഇറ്റാലിയയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 3000ല്‍ താഴെ പേരെ മാത്രമാണ് ഐ.ടി.എ നിയമിച്ചത്. 2025ല്‍ മാത്രമേ തൊഴിലാളികളുടെ എണ്ണം 5000ന് മുകളിലെത്തിക്കാനാവൂ എന്നും ഐ.ടി.എ വ്യക്തമാക്കി. ഇതോടെയാണ് അല്‍ഇറ്റാലിയയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ പ്രതീകാത്മക പ്രതിഷേധമാരംഭിച്ചത്.

നിലവില്‍ ഐ.ടി.എയില്‍ ജോലി ചെയ്യുന്ന മുന്‍ അല്‍ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ക്കും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് അഞ്ചു വര്‍ഷമെങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Former Alitalia employees conducted protest against losing jobs

We use cookies to give you the best possible experience. Learn more