| Sunday, 5th January 2020, 6:54 pm

ഐസയില്‍ നിന്ന് മറ്റൊരു യുവനേതാവ് കൂടി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; ഇടതുവിദ്യാര്‍ത്ഥി സംഘടനയില്‍ നിന്ന് കോണ്‍ഗ്രസിലെത്തുന്ന മൂന്നാമത്തെ നേതാവായി ഷാനവാസ് ആലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതൃനിരയില്‍ നേരത്തെ പ്രവര്‍ത്തിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത ഷാനവാസ് ആലത്തെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അദ്ധ്യക്ഷനായി നിയമിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഷാനവാസ് ആലത്തിന്റെ നിയമനം പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷാനവാസ് ആലത്തെ ന്യൂനപക്ഷ സെല്ലിന്റെ അദ്ധ്യക്ഷനാക്കിയത്. ഒരു ദശകത്തോളം വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലായിരുന്നു ഷാനവാസ് ആലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിന് ശേഷം റിഹായ് മഞ്ച് എന്ന മനുഷ്യാവകാശ സംഘടന പ്രവര്‍ത്തത്തിലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018ലാണ് ഷാനവാസ് ആലം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനും ഐസ നേതാവുമായിരുന്ന മോഹിത് പാണ്ഡെയാണ് യു.പി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ സെല്ലിന്റെ അദ്ധ്യക്ഷന്‍.

സമീപകാലത്ത് ഐസയില്‍ നിന്നും മൂന്ന് നേതാക്കളാണ് കോണ്‍ഗ്രസിന്റെ ഭാഗമായത്. ഷാനവാസ് ആലത്തെയും മോഹിത് പാണ്ഡെയെയും കൂടാതെ സന്ദീപ് സിങ് ആണ് കോണ്‍ഗ്രസിലെത്തിയത്. 2007ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനായിരുന്ന സന്ദീപ് സിങ് രാഹുല്‍ ഗാന്ധിയുടെ അനൗദ്യോഗിക രാഷ്ട്രീയ ഉപദേശകനായാണ് പ്രവര്‍ത്തിക്കുന്നത്.

സന്ദീപ് സിങിന്റെ സ്വദേശം ഉത്തര്‍പ്രദേശാണ്. പ്രിയങ്ക ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും മികച്ച ബന്ധം പുലര്‍ത്തുന്ന സന്ദീപും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more