നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് ത്യാഗി, ദല്‍ഹിയിലെ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 3,600 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് ത്യാഗി, ദല്‍ഹിയിലെ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ കരാര്‍ ഉറപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കോഴ നല്‍കിയെന്നാണ് കേസ്. കരാര്‍ സ്വന്തമാക്കാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ ത്യാഗി സഹായിച്ചുവെന്ന് ഇന്ത്യയിലെയും ഇറ്റലിയിലെയും ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
രാജ്യത്ത് ഏതെങ്കിലും സേനയുടെ മേധാവി ഇതുപോലെ ഒരിടപാടില്‍ പ്രതിസ്ഥാനത്തു വരുന്നതും അറസ്റ്റിലാകുന്നതും ഇതാദ്യമാണ്. 2005 ഡിസംബര്‍ 31 മുതല്‍ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കെയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്.
ഇത്തരം കോപ്റ്ററുകള്‍ക്ക് 6,000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ടായിരിക്കണം എന്ന വ്യവസ്ഥ ഇളവു ചെയ്തു 4,500 മീറ്റര്‍ മതി എന്നു കുറച്ചതു ത്യാഗിയാണ്. ഈ ഇളവു വരുത്തിയതു കാരണമാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനു കരാറില്‍ പങ്കെടുക്കാന്‍ യോഗ്യത കൈവന്നത്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇറ്റാലിയന്‍ മധ്യസ്ഥന്മാരായിരുന്ന ഗൈഡോ റാല്‍ഫ് ഹാഷ്ച്‌കേ, കാര്‍ലോ ജെറോസ എന്നിവരെ പലതവണ കണ്ടിരുന്നു എന്നു സി.ബി.ഐയുടെ ചോദ്യംചെയ്യലില്‍ ത്യാഗി സമ്മതിച്ചിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ പിന്നിലുള്ള ശരിയായ കമ്പനി ഫിന്‍ മെക്കാനിക്കയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി 2005ല്‍ കൂടിക്കണ്ടിരുന്നുവെന്നു ത്യാഗി സമ്മതിച്ചതായും സി.ബി.ഐ നേരത്തെ വെളിപ്പെടുത്തിയിരുന്നു.