2017ന് ശേഷം റൊണാൾഡോക്ക് ബാലൺ ഡി ഓർ നേടാൻ സാധിക്കാത്തതിനൊരു കാരണമുണ്ട്: മുൻ ഏജന്റ്
Football
2017ന് ശേഷം റൊണാൾഡോക്ക് ബാലൺ ഡി ഓർ നേടാൻ സാധിക്കാത്തതിനൊരു കാരണമുണ്ട്: മുൻ ഏജന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th September 2024, 11:25 am

ഫുട്‌ബോളില്‍ 2017ന് ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. റൊണാള്‍ഡോ ഇത് വരെ അഞ്ച് ബാലണ്‍ ഡി ഓര്‍ അവാര്‍ഡാണ് നേടിയിട്ടുള്ളത്. 2008, 2013, 2014, 2016, 2017 എന്നീ വര്‍ഷങ്ങളിലായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം ബാലണ്‍ ഡി ഓര്‍ നേടിയത്.

2017ന് ശേഷം റൊണാള്‍ഡോക്ക് ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് താരത്തിന്റെ മുന്‍ ഏജന്റ് ജോര്‍ജ് മെന്‍ഡസ് സംസാരിച്ചിരുന്നു. റയല്‍ മാഡ്രിഡ് വിട്ടതാണ് റൊണാള്‍ഡോക്ക് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകള്‍ നഷ്ടമാവാന്‍ കാരണമെന്നാണ് മുന്‍ ഏജന്റ് പറഞ്ഞത്. ദി സ്റ്റേറ്റ്‌സ്മാനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടുമായിരുന്നു. വരുംവര്‍ഷങ്ങളില്‍ അദ്ദേഹത്തിന് അത് വീണ്ടും നേടാനാകുമെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ ബാലണ്‍ ഡി ഓര്‍ നേടിയിട്ടില്ല എന്നത് ഒരു അനീതിയാണ്,’ മുന്‍ ഏജന്റ് പറഞ്ഞു.

സ്പാനിഷ് റയല്‍ മാഡ്രിഡിനൊപ്പം ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയര്‍ ആണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കെട്ടിപ്പടുത്തുയര്‍ത്തിയത്. ലോസ് ബ്ലാങ്കോസിനൊപ്പം നീണ്ട ഒമ്പത് വര്‍ഷത്തെ അവിസ്മരണീയമായ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് 2018ലായിരുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിലേക്ക് ചേക്കേറിയത്.

സ്പാനിഷ് വമ്പന്മാര്‍ക്കായി അവിസ്മരണീയമായ ഒരു ഫുട്‌ബോള്‍ യാത്രയായിരുന്നു റൊണാള്‍ഡോ നടത്തിയത്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.

 

Content Highlight: Former Agent Talks About Cristaino Ronaldo