ശബരിമലയില്‍ നടക്കുന്നത് മതഭ്രാന്ത്, നിയന്ത്രിച്ചില്ലെങ്കില്‍ വൈറല്‍പനി പോലെ പടരും: മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി
Sabarimala women entry
ശബരിമലയില്‍ നടക്കുന്നത് മതഭ്രാന്ത്, നിയന്ത്രിച്ചില്ലെങ്കില്‍ വൈറല്‍പനി പോലെ പടരും: മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 7:21 pm

ന്യൂദല്‍ഹി: ശബരിമലയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി. ശബരിമലയില്‍ നടക്കുന്നത് മതഭ്രാന്താണ്, നിയന്ത്രിച്ചില്ലെങ്കില്‍ വൈറല്‍പനി പോലെ രാജ്യത്ത് പടരുമെന്നും പിന്നീടിത് തെറ്റായ കീഴ്‌വഴക്കമായി ഇത് മാറുമെന്നും സോളി സൊറാബ്ജി പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോളി സൊറാബ്ജിയുടെ വിമര്‍ശനം.

“പൊലീസിനെ തടയുന്നവരെ മാറ്റിനിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കണം. വിധി നടപ്പിനാക്കി എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. വിധി നടപ്പാക്കിയിലെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് തെറ്റായ കീഴ്‌വഴക്കമായി മാറും.

പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി വിധി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ധരിപ്പിക്കണം, കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ വീഴ്ച്ചയാണ്.

ആക്ടിവിസ്റ്റ്, അല്ലാത്തവര്‍ എന്ന വിവേചനം ഒന്നും വിധി നടപ്പാക്കുന്ന കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കി ശബരിമല സ്ത്രീകള്‍ക്ക് തുറന്നു കൊടുക്കണമെന്നാണ് വിധി. അതില്‍ ആക്ടിവിസ്റ്റുകള്‍ അതല്ലാത്തവര്‍ എന്ന വേര്‍തിരിവില്ല.

 

ബി.ജെ.പിയും കോണ്‍ഗ്രസും നിലവിലെ സാഹചര്യത്തെ രാഷ്ട്രീയമായി മുതലെടുത്തുകൊണ്ടിരിക്കുകയാണ്. ഈ പ്രതിഷേധങ്ങള്‍ എല്ലാം തന്നെ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മോശം പ്രതിഛായ ഉണ്ടാക്കും എന്നതില്‍ കവിഞ്ഞ് മറ്റൊരു നേട്ടവും ഉണ്ടാകില്ല. വിധിക്ക് എതിരെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കിയാല്‍ അത് ഒരു കാരണവശാലും ഭരണഘടനാപരമായി നിലനില്‍ക്കില്ല. കാരണം വിധി ഭരണഘടനാപരമായ ലിംഗ നീതി ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അതിനെ എതിര്‍ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് കഴിയില്ല.

ഏതെങ്കിലും വിധികള്‍ക്ക് വിരുദ്ധമായോ മറ്റോ വിധി വന്നാലേ പുനഃപരിശോധനയ്ക്ക് സാധ്യതയുള്ളൂ. ഈ കേസില്‍ നിലവില്‍ അങ്ങനെയൊന്നും ഇല്ല. പുനഃപരിശോധന, തിരുത്തല്‍ ഹര്‍ജി എന്നിങ്ങനെ അനന്തമായി കാര്യങ്ങള്‍ നീട്ടി കൊണ്ടുപോകാന്‍ ആകില്ല. അത് കൊണ്ട് തന്നെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കപ്പെടാനുള്ള സാധ്യതകള്‍ കുറവാണ്.

വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാം. എന്നാല്‍ കോടതി സാവകാശം അനുവദിക്കും വരെ വിധി നടപ്പാക്കുക തന്നെ വേണം. സുപ്രീം കോടതി തന്നെ പ്രതിഷേധങ്ങളെ ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.