'കോഹ്‌ലിയും രോഹിത്തും പുറത്തായാല്‍ ടീം ഇന്ത്യയുടെ പകുതി തീര്‍ന്നു; ഒറ്റയടിക്ക് 70 റണ്‍സ് ആ വഴിക്ക് അങ്ങ് കുറയും'
Sports News
'കോഹ്‌ലിയും രോഹിത്തും പുറത്തായാല്‍ ടീം ഇന്ത്യയുടെ പകുതി തീര്‍ന്നു; ഒറ്റയടിക്ക് 70 റണ്‍സ് ആ വഴിക്ക് അങ്ങ് കുറയും'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th September 2022, 8:55 pm

ഏഷ്യാ കപ്പില്‍ മത്സരിച്ച ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും ക്രിക്കറ്റ് ടീമുകളെ കുറിച്ച് വിശകലനം നടത്തി മുന്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍. ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പുറത്തായി കഴിഞ്ഞാല്‍ ടീമിന്റെ പകുതി തീര്‍ന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാന്‍ കുഴപ്പമില്ലാതെ കളിച്ചിരുന്നെന്നും ഫൈനലിലേക്ക് കടക്കുമെന്ന് കരുതിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അസ്ഗര്‍ അഫ്ഗാന്‍ തന്റെ അഭിപ്രായങ്ങള്‍ അറിയിച്ചത്.

‘ഒരു ക്രിക്കറ്റ് താരം പ്രകടനം നടത്താത്തപ്പോള്‍ ചര്‍ച്ചകള്‍ ഉണ്ടാകും. അത് ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും ജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോഴെല്ലാം ഞങ്ങളുടെ പ്ലാന്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും ചുറ്റിപ്പറ്റിയായിരുന്നു. അവരെ പുറത്താക്കിയാല്‍ ഇന്ത്യന്‍ ടീമിന്റെ പകുതി തീര്‍ന്നു എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു.

ഈ രണ്ട് വമ്പന്‍ താരങ്ങള്‍ക്കെതിരെ ലോകം മുഴുവന്‍ പ്ലാന്‍ ചെയ്യുന്നത് ഇതുതന്നെയായിരിക്കും. അവര്‍ക്ക് ഒറ്റക്ക് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയും.

തുടക്കത്തില്‍ അവരെ ആക്രമിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍, കാരണം തുടക്കത്തിലേ അവരെ പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അവരെ തോല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് വിരാട് കോഹ്‌ലിയെ. അദ്ദേഹത്തെ പുറത്താക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഇരുവരെയും നേരത്തെ പുറത്താക്കിയാല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ സ്‌കോറില്‍ നിന്ന് 100-120 റണ്‍സും ടി-20യില്‍ 60-70 റണ്‍സും കുറയുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു,’ അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ കളിച്ച ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ ഫോം വളരെ മികച്ചതായിരുന്നെന്നും ഒരുപക്ഷേ അവര്‍ കാര്യങ്ങള്‍ അല്‍പ്പം ലാഘവത്തോടെ എടുത്തത് കൊണ്ടാകാം കപ്പ് നേടാതെ പോയതെന്നും അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു.

പക്ഷേ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ അവരുടെ തോല്‍വിക്ക് പ്രധാന കാരണം രവീന്ദ്ര ജഡേജയുടെ പരിക്കാണ്. അത് ടീമിനെ ശരിക്കും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പക്ഷേ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം രവീന്ദ്ര ജഡേജയുടെ പരിക്കാണ്. അത് ടീമിനെ ശരിക്കും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മുഹമ്മദ് നബി ടീമിനെ നയിക്കും. നജിബുള്ള സദ്രാന്‍ ആണ് വൈസ് ക്യാപ്റ്റന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, അസ്മത്തുള്ള ഒമര്‍സായി, ദര്‍വിഷ് റസൂലി, ഫരീദ് അഹമ്മദ് മാലിക്, ഫസല്‍ ഹഖ് ഫാറൂഖി, ഹസ്രത്തുള്ള സസായി, മുജീബ് നവ്വീബ് സദ്രാന്‍, ഇബ്രാഹിം നവ്വീബ് സദ്രാന്‍ , ഖായിസ് അഹമ്മദ്, റാഷിദ് ഖാന്‍, സലിം സഫി, ഉസ്മാന്‍ ഗനി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

അഫ്സര്‍ സസായ്, ഷറഫുദ്ദീന്‍ അഷ്റഫ്, റഹ്‌മത്ത് ഷാ, ഗുല്‍ബാദിന്‍ നായിബ് എന്നീ താരങ്ങള്‍ റിസര്‍വ് ലിസ്റ്റില്‍ ഉണ്ട്.

 

Content Highlight: Former Afghanistan captain Asghar Afghan says If Kohli and Rohit are out, Team India is half done