കാബൂള്‍: അഫ്ഗാന്റെ ഫണ്ട് സെപ്റ്റംബര്‍ 11 ആക്രമണത്തിനിരയായവര്‍ക്ക് നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി.
9/11 ആക്രമണത്തിനിരയായവര്‍ക്ക് അഫ്ഗാന്റെ ഫണ്ട് കൈമാറ്റം ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനം അനീതിയാണെന്നായിരുന്നു കര്‍സായി പ്രതികരിച്ചത്.
അമേരിക്കയിലുള്ള അഫ്ഗാന്റെ സ്വത്തുക്കളില്‍ 3.5 ബില്യണ്‍ ഡോളര്‍ റിലീസ് ചെയ്യാനും 2011 സെപ്റ്റംബറില് നടന്ന അല്‍ഖ്വയിദ ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഈ തുക നല്‍കാനുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനമെടുത്തത്.
എന്നാല്‍ അഫ്ഗാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും കടന്നുപോകുന്ന സമയത്തെ ബൈഡന്റെ ഈ തീരുമാനം രാജ്യത്തെ ജനങ്ങള്‍ക്കെതിരായ അനീതിയും അതിക്രമവുമാണെന്നാണ് ഹമീദ് കര്‍സായി പറഞ്ഞത്.
ഞായറാഴ്ച പത്രസമ്മേളനത്തില്‍ വെച്ചാണ് കര്‍സായി ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയിലെ ജനങ്ങള്‍ മാത്രമല്ല, അഫ്ഗാനിലെ ജനങ്ങളും അല്‍ഖ്വയിദയുടെയും അതിന്റെ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെയും പ്രവര്‍ത്തികളുടെ ഇരകളാക്കപ്പെട്ടവരാണ് എന്നും കര്‍സായി പറഞ്ഞു.
ബൈഡന്റെ തീരുമാനം അമേരിക്കന്‍ കോടതി തള്ളണമെന്നും കര്‍സായി ആവശ്യപ്പെട്ടു. ”യു.എസ് കോടതികള്‍ ഇതിനെതിരായി തീരുമാനമെടുക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
അഫ്ഗാന്റെ പണം അഫ്ഗാന്‍ ജനതക്ക് തന്നെ തിരിച്ച് നല്‍കണം. ഇത് ഒരു സര്‍ക്കാരിനും അവകാശപ്പെട്ട സ്വത്തല്ല, മറിച്ച് അഫ്ഗാനിലെ ജനങ്ങള്‍ക്കുള്ളതാണ്,” കര്‍സായി കൂട്ടിച്ചേര്‍ത്തു.
യു.എസിന്റെ തീരുമാനത്തിനെതിരെ അഫ്ഗാനിലെ ജനങ്ങളും വലിയ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഏഴ് ബില്യണ്‍ ഡോളറോളം വരുന്ന അഫ്ഗാന്‍ സ്വത്തുക്കള്‍ റിലീസ് ചെയ്യാനുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെച്ചത്. 9/11 ആക്രമണത്തിന്റെ ഇരകള്‍ക്കും അഫ്ഗാനിലെ ജനങ്ങള്‍ക്കുള്ള സഹായത്തിന് വേണ്ടിയും സ്വത്തുക്കള്‍ വീതിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ ഏഴ് ബില്യണ്‍ ഡോളറും അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിലേക്ക് കൈമാറണമെന്നാണ് കര്‍സായി ആവശ്യപ്പെടുന്നത്.
9/11 ആക്രമണത്തിന്റെ ഇരകളും കുടുംബങ്ങളും താലിബാനെതിരെയും അഫ്ഗാന്റെ യു.എസിലെ സ്വത്തുക്കള്‍ക്കെതിരെയും നിയമപരമായി അവകാശമുന്നയിച്ചിരുന്നു.
അതേസമയം, തടഞ്ഞുവെച്ച രാജ്യത്തിന്റെ സ്വത്തുക്കള്‍ റിലീസ് ചെയ്യണമെന്നാശ്യപ്പെട്ട് അഫ്ഗാനിലെ ജനങ്ങള്‍ ഏറെ നാളായി പ്രതിഷേധത്തിലായിരുന്നു.
ഡിസംബര്‍ മാസത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ എംബസിക്ക് മുന്നിലേക്ക് നൂറുകണക്കിന് പേര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
‘ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ’, ‘തടഞ്ഞുവെച്ചിരിക്കുന്ന ഞങ്ങളുടെ പണം ഞങ്ങള്‍ക്ക് തിരികെ തരൂ’ എന്നിങ്ങനെ എഴുതിയിട്ടുള്ള ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
ഓഗസ്റ്റില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരം പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനിസ്ഥാന് ലഭിച്ചുകൊണ്ടിരുന്ന അന്താരാഷ്ട്ര ഫണ്ടുകളെല്ലാം നിര്‍ത്തലായിരുന്നു.