ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ മുന്‍ അംഗവും സ്പീക്കര്‍ അയോഗ്യനാക്കിയ എം.എല്‍.എയുമായ കപില്‍ മിശ്ര ബി.ജെ.പിയിലേക്ക്, കപില്‍ മിശ്രക്കൊപ്പം ആംആദ്മി പാര്‍ട്ടി മഹിളാ വിഭാഗം നേതാവ് റിച്ച പാണ്ഡേയും ബി.ജെ.പിയില്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കപില്‍ മിശ്ര നാളെ ബി.ജെ.പിയില്‍ ചേരുമെന്ന് ട്വിറ്ററില്‍ കുറിച്ചു.
ഇരുവരേയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ജാജു പാര്‍ട്ടിയുടെ ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കപില്‍ മിശ്ര നേരത്തെ നിരവധി ബി.ജെ.പി നേതാക്കളുമായി വേദി പങ്കിട്ടിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു കപില്‍ മിശ്ര.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നേതാക്കളായ മനോജ് തിവാരി , കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപില്‍ മിശ്രയെ ആംആദ്മിയില്‍ നിന്ന് പുറത്താക്കിയത്. ബി.ജെ.പിക്ക് വേണ്ടി കപില്‍ വോട്ടുചോദിച്ചെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ അയോഗ്യനാക്കിയതിനെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.