| Saturday, 21st November 2020, 1:24 pm

പാലത്തായി പീഡനക്കേസില്‍ ഐ. ജി ശ്രീജിത്തിനെ മാറ്റി; പുതിയ അന്വേഷണ സംഘത്തിന് ചുമതല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ഐ. ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡി.വൈ.എസ്.പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. എ.ഡി.ജി.പി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല.

ഐ. ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഐ.ജി ശ്രീജിത്തിന് നേരെ ഉയര്‍ന്നിരുന്നു.

പാലത്തായി പീഡന കേസില്‍ നേരത്തെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പെണ്‍കുട്ടിക്ക് നുണപറയുന്ന സ്വഭാവമുണ്ടെന്നാണ് അന്വേഷ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പാലത്തായി പീഡനക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ഐ.ജി ശ്രീജിത്ത് ശ്രമിച്ചുവെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് ഇമെയില്‍ ക്യാമ്പയിനും നടന്നിരുന്നു.

കേസില്‍ പ്രതി പദ്മരാജന് ജാമ്യം ലഭിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെയും വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Formed a new investigative team by changing IG Sreejith in Palathayi Rape case

We use cookies to give you the best possible experience. Learn more